KERALA

കലൂർ സ്റ്റേഡിയം അപകടം: പരിക്കിൻ്റെ ആഘാതം ഇപ്പോഴുമുണ്ട്, രണ്ട് കോടി രൂപ നഷ്ടപരിഹാരം വേണം; ജിസിഡിഎക്ക് വക്കീൽ നോട്ടീസയച്ച് ഉമാ തോമസ്

സംഘാടകരായ മൃദംഗ വിഷൻ ആന്‍റ് ഓസ്കാർ ഇവന്റ് മാനേജ്മെന്റിന്‍റെ വിശ്വാസ്യതപോലും പരിശോധിക്കാതെയാണ് സ്റ്റേഡിയം അനുവദിച്ചതെന്നും നോട്ടീസിൽ പറയുന്നു

Author : ലിൻ്റു ഗീത

കൊച്ചി: കലൂർ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് എംഎൽഎ വക്കീൽ നോട്ടീസ് അയച്ചു. മൃദംഗ നാദം നൃത്ത സന്ധ്യക്കിടെ ഗാലറിയിൽ ഒരുക്കിയ താൽക്കാലിക ഉദ്ഘാടന വേദിയിൽ നിന്ന് വീണുണ്ടായ അപകടത്തിന്‍റെ ആഘാതം ഇപ്പോഴും തുടരുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സ്റ്റേഡിയം ഉടമകളായ ജിസിഡിഎക്ക് നോട്ടീസ് അയച്ചത്.

സംഘാടകരായ മൃദംഗ വിഷൻ ആന്‍റ് ഓസ്കാർ ഇവന്റ് മാനേജുമെന്റിന്‍റെ വിശ്വാസ്യതപോലും പരിശോധിക്കാതെയാണ് ജി.സി.ഡി.എ സ്റ്റേഡിയം അനുവദിച്ചതെന്ന് നോട്ടീസിൽ ആരോപിക്കുന്നു. തറനിരപ്പിൽ നിന്ന് 10.5 മീറ്റർ ഉയരത്തിൽ ഗാലറിയുടെ മുകളിൽ താൽക്കാലികമായി തയറാക്കിയ വേദിക്ക് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല. കൈവരി ഉണ്ടായിരുന്നില്ല. മുൻനിര സീറ്റിന് മുൻ ഭാഗത്ത് ഉണ്ടായിരുന്നത് 50 സെന്റി മീറ്റർ സ്ഥലമാണ്. ഇതിലൂടെ നടക്കുമ്പോഴാണ് തലയടിച്ച് താഴെ വീണതെന്നും നോട്ടീസിൽ പറയുന്നു.

ഡിസംബർ 29ന് ഗിന്നസ് വേൾഡ് റെക്കോർഡിനായി 12,000 ഭരതനാട്യം നർത്തകരെ അണിനിരത്തി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഉമാ തോമസിന് അപകടം സംഭവിക്കുന്നത്. മൃദംഗവിഷൻ്റെ നേതൃത്വത്തിലാണ് 'മൃദംഗനാദം' മെഗാ ഭരതനാട്യം സംഘടിപ്പിച്ചത്. കലൂ‍ർ ജവഹ‍ർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വിഐപികൾക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎൽഎ കാൽവഴുതി താഴെയുള്ള കോൺക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമാ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു. 11 അടിയോളം ഉയരത്തിൽ നിന്നാണ് ഉമാ തോമസ് വീണത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഡിസംബർ 13 നാണ് ആശുപത്രി വിട്ടത്. കൊച്ചി റിനെ മെഡിസിറ്റി ആശുപത്രിയിലായിരുന്നു എംഎൽഎ ചികിത്സയിലിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ എന്നിവർ ആശുപത്രിയിലും, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ ഉമാ തോമസിനെ വീട്ടിലെത്തിയും സന്ദർശിച്ചിരുന്നു.

SCROLL FOR NEXT