തിരുവനന്തപുരം: കോവളത്തെ സ്പാകളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച് ലൈംഗിക ചൂഷണം. ആന്ധ്രാ സ്വദേശിനിയായ പതിനാറുകാരിയെ പത്തോളം സ്പാകളിലെത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് വിവരം.
ആന്ധ്രയിൽ നിന്ന് കോവളത്ത് എത്തിച്ച് സ്പാകളിലേക്ക് കൈമാറിയത് പെൺകുട്ടിയുടെ അമ്മയുടെ സഹോദരി ആണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ സ്വദേശി സജിത്ത്, പൂവാർ സ്വദേശി നിശാന്ത് എന്നിവരാണ് കോവളം പൊലീസിൻ്റെ പിടിയിലായത്. സ്പാകളിൽ നിന്ന് ലൈംഗിക ചൂഷണം നേരിടുന്നതിനിടെ പെൺകുട്ടി അയൽവാസിയുമായി പ്രണയത്തിലാവുകയും നാട് വിടുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്ത് അറിയുന്നത്. സ്പാകളുടെ നടത്തിപ്പിന് പിന്നിൽ സർക്കാർ ജീവനക്കാരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്പാകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന ആരോപണം ഉയർന്നതോടെയാണ് പൊലീസ് പരിശോധന ശക്തമാക്കിയത്.