കൊച്ചി: വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ കാലടി സംസ്കൃത സര്‍വകലാശാലയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വിദ്യാര്‍ഥി പ്രതിഷേധങ്ങളോട് സര്‍വകലാശാലയ്ക്ക് അസഹിഷ്ണുതയാണ്. സുപ്രീം കോടതിയില്‍ നല്കിയ ഉറപ്പ് ലംഘിക്കാന്‍ സര്‍വകലാശാല നീക്കം നടത്തിയെന്നും വിമർശനമുണ്ട്. സര്‍വകലാശാല അമിതമായി വികാരാധീനരാകരുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
"സുപ്രീം കോടതിയില്‍ നല്കിയ ഉറപ്പ് ലംഘിക്കാന്‍ സര്‍വകലാശാല നീക്കം നടത്തി. ഹാജര്‍ കുറവെന്ന വാദം ഉന്നയിച്ച് പരീക്ഷയ്ക്ക് അവസരം നിഷേധിക്കാന്‍ ശ്രമിച്ചു. വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. വിദ്യാര്‍ഥി പ്രതിഷേധങ്ങളോട് സര്‍വകലാശാലയ്ക്ക് അസഹിഷ്ണുതയാണ്. വിദ്യാര്‍ഥികളുടെ അക്കാദമിക് ഭാവി തകര്‍ക്കാന്‍ ശ്രമിക്കരുത്," ഹൈക്കോടതി വിമർശിച്ചു.
"വിദ്യാര്‍ഥികള്‍ക്കെതിരായ ആരോപണങ്ങള്‍ സര്‍വകലാശാല അറിയിച്ചില്ല. കുറ്റപത്രം നല്‍കിയില്ല. സാക്ഷിമൊഴി രേഖപ്പെടുത്തിയത് വിദ്യാർഥികളുടെ അസാന്നിധ്യത്തിലാണ്. മൊഴിപ്പകര്‍പ്പ് വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല നല്‍കിയില്ല. ആരോപണങ്ങള്‍ നിഷേധിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കിയില്ല. സര്‍വകലാശാല അധികാരപരിധി ലംഘിച്ച് അന്വേഷണം നടത്തി. വിദ്യാര്‍ഥികളുടെ പശ്ചാത്തലം പരിശോധിച്ച നടപടി തെറ്റാണ്. ശേഖരിച്ച തെളിവുകള്‍ അന്വേഷണ സമിതി പരിശോധിച്ചില്ല. കാരണങ്ങള്‍ വ്യക്തമാക്കാതെയാണ് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്," ഹൈക്കോടതി കാലടി സര്‍വകലാശാലയെ വിമർശിച്ചു.
കാലടി സംസ്കൃത സർവകലാശാലയിൽ വി.സിയെ ആക്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ സസ്പെൻഷൻ നേരിട്ട വിദ്യാർഥികൾക്ക് ഹൈക്കോടതി പരീക്ഷ എഴുതാൻ അനുമതി നൽകിയിരിക്കുകയാണ്. വിദ്യാർഥികളുടെ സസ്പെൻഷനും കോടതി പിൻവലിച്ചിട്ടുണ്ട്. അന്യായമായ സസ്പെൻഷൻ പിൻവലിക്കണമെന്നും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 16 വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ്റെ ബെഞ്ച് ഇന്ന് വിധി പറഞ്ഞത്.