ഉണ്ണികൃഷ്ണൻ പോറ്റിയും കടകംപള്ളി സുരേന്ദ്രനും 
KERALA

"പോറ്റിയുടെ വീട്ടിൽ അടൂർ പ്രകാശും പ്രയാർ ഗോപാലകൃഷ്ണനുമടക്കം നിരവധി രാഷ്ട്രീയ നേതാക്കൾ വന്നിട്ടുണ്ട്"; നിർണായക വെളിപ്പെടുത്തലുമായി അയൽവാസി

കടകംപള്ളി രണ്ട് തവണ പോറ്റിയുടെ വീട്ടിൽ വന്നിട്ടുണ്ടെന്നും പോറ്റിയുടെ അയൽവാസി വിക്രമൻ നായർ ന്യൂസ് മലയാളത്തോട് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ അടൂർ പ്രകാശും, പ്രയാർ ഗോപാലകൃഷ്ണനും അടക്കം നിരവധി രാഷ്ട്രീയ നേതാക്കൾ എത്തിയിട്ടുണ്ടെന്ന് അയൽവാസി വിക്രമൻ നായർ. കടകംപള്ളി രണ്ട് തവണ പോറ്റിയുടെ വീട്ടിൽ വന്നിട്ടുണ്ടെന്നും വിക്രമൻ നായർന്യൂസ് മലയാളത്തോട് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിക്ക്‌ രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തിൽ വലിയ ബന്ധമുണ്ടെന്നും അയൽവാസി വിക്രമൻ നായർ പറഞ്ഞു.

വർഷങ്ങൾക്ക് മുൻപാണ് ഇവർ പോറ്റിയുടെ വീട്ടിലെത്തിയതെന്ന് അയൽവാസി പറയുന്നു. കടകംപള്ളി സുരേന്ദ്രൻ രണ്ട് തവണ പോറ്റിയുടെ വീട്ടിൽ വന്നിട്ടുണ്ട്. കുട്ടിയുടെ ചടങ്ങുമായി ബന്ധപ്പെട്ടാണ് വന്നത്. കടകംപള്ളി സുരേന്ദ്രനൊപ്പം ഗൺമാനടക്കം ഉണ്ടായിരുന്നുവെന്നും വിക്രമൻ നായർ പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയിട്ടുണ്ടെന്ന് സമ്മതിച്ച് കടകംപള്ളി സുരേന്ദ്രൻ നേരത്തെ രംഗത്തെത്തിയിരുന്നു. 2017ലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടത്. ഒരു കുട്ടിയുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാനാണ് പോയത് എന്നും കടകംപള്ളി പറഞ്ഞു.

ശബരിമല അയ്യപ്പസ്വാമിയുടെ ഭക്തൻ എന്ന നിലയിലാണ് പോറ്റിയെ പരിചയപ്പെട്ടതെന്ന് കടകംപള്ളി പറയുന്നു. ശബരിമല പോകുന്ന വഴിക്കാണ് പോറ്റിയുടെ വീട്ടിൽ കയറിയത്. ഇന്നത്തെ പോറ്റിയല്ല അന്നത്തെ പോറ്റി. പൊലീസ് അകമ്പടിയോടെയാണ് അന്ന് വീട്ടിൽ പോയത്. എന്താണ് ചടങ്ങ് എന്നത് കൃത്യമായി ഓർക്കുന്നില്ല. ഭക്ഷണം കഴിച്ചാണ് അവിടെ നിന്നും മടങ്ങിയതെന്നും കടകംപള്ളി പറഞ്ഞു.

ദേവസ്വം മന്ത്രിയെന്ന നിലയിലും വ്യക്തിപരമായും തനിക്ക് പോറ്റിയുമായുള്ള ബന്ധം അന്വേഷണ ഏജൻസിയോട് പറഞ്ഞിട്ടുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. 2016 ൽ മന്ത്രിയായ ശേഷമാണ് പോറ്റിയെ പരിചയപ്പെടുന്നത്. സന്നിധാനത്ത് പോകുമ്പോഴെല്ലാം പോറ്റിയെ കാണാറുണ്ട്. പോറ്റിയുമായി ആത്മബന്ധം ഇല്ലെന്നും തെറ്റായ നിലയിൽ പോറ്റിയെ കണ്ടിരുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT