സ്വർണക്കൊള്ളയിൽ കുറ്റം സമ്മതിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റി  Source; News Malayalam 24X7
KERALA

തട്ടിയെടുത്ത സ്വര്‍ണം മറിച്ചുവിറ്റ് പങ്കിട്ടു, പണം ഉപയോഗിച്ച് ഭൂമി ഇടപാട് നടത്തി; സ്വർണക്കൊള്ളയിൽ കുറ്റം സമ്മതിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റി

സ്പോൺസർമാരിൽ നിന്ന് ലഭിച്ച സ്വർണവും പണമാക്കിയതായി പോറ്റി വെളിപ്പെടുത്തി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം; ശബരിമല സ്വർണക്കൊള്ളയിൽ കുറ്റം സമ്മതിച്ച് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി. ചോദ്യം ചെയ്യലിനിടെ നിർണായക വിവരങ്ങളാണ് പോറ്റിയിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചത്. ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം മറിച്ചു വിറ്റ് പങ്കിട്ടുവെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി മൊഴി നൽകി. സ്പോൺസർ മാരിൽ നിന്ന് ലഭിച്ച സ്വർണവും പണമാക്കിയതായി പോറ്റി വെളിപ്പെടുത്തി.

തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഭൂമി ഇടപാട് നടത്തിയെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞു. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഭൂമി ഇടപാടുകളുടെ രേഖകൾ കണ്ടെടുത്തു. അതോടൊപ്പം സ്വർണാഭരണങ്ങളും, സ്വർണനാണയങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട പരിശോധനയിലാണ് വീട്ടിൽ നിന്ന് രേഖകൾ കണ്ടെടുത്തത്. പ്രധാനപ്പെട്ട ചില രേഖകൾ പോറ്റി നശിപ്പിച്ചെന്നും എസ്ഐടി സംശയിക്കുന്നുണ്ട്.

പോറ്റിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത സ്വർണം ശബരിമലയിൽ ഉപയോഗിച്ച സ്വർണത്തിന്റെ ബാക്കിയാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് ഉറപ്പാക്കും. പൊലീസിനൊപ്പം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി എത്തിയിരുന്നു. പോറ്റിയുടെ ഭൂമി ഇടപാടിൽ ദുരൂഹതയൂണ്ടെന്ന് വിവരം നേരത്തേ ലഭിച്ചിരുന്നു.

ചില രേഖകൾ നശിപ്പിച്ചെന്ന സംശയത്തിൽ കരിയില കത്തിച്ച സ്ഥലത്തും പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും വീട്ടിൽ ഉണ്ടായിരുന്ന രേഖകകളും പിടിച്ചെടുത്തു. ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലെ എസ്ഐടി പരിശോധന നടത്തിയത്.

SCROLL FOR NEXT