KERALA

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

ഒക്ടോബർ 30 വരെയാണ് കസ്റ്റഡി കാലാവധിയെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു. റാന്നി ഒന്നാം ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ഒക്ടോബർ 30 വരെയാണ് കസ്റ്റഡി കാലാവധിയെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. എന്നെ കുടുക്കിയവർ നിയമത്തിന് മുന്നിൽ വരുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചു. വാഹനത്തിലേക്ക് കയറുന്നതിനിടെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ദേഹത്തേക്ക് ആരോ ഷൂ എറിയുകയും ചെയ്തു.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു ഉണ്ണി കൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് വച്ച് എസ്ഐടി സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തിരുന്നു. ഈഞ്ചക്കല്‍ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ചായിരുന്നു ചോദ്യം ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഉണ്ണികൃഷ്‌ണൻ സ്പോൺസറായി അപേക്ഷ നൽകിയത് മുതൽ വലിയ ഗൂഢാലോചന തുടങ്ങിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കൽപേഷിനെ കൊണ്ട് വന്നത് ഗൂഡാലോചനയുടെ ഭാഗമായാണ്. സ്വർണം ചെമ്പായി രേഖപ്പെടുത്തിയതിലും ഗൂഢാലോചനയുണ്ടെന്നും അന്വേഷണസംഘം അറിയിച്ചിരുന്നു. തട്ടിയെടുത്ത സ്വർണം പങ്കിട്ടെടുത്തതായും എസ്ഐടി സംശയിക്കുന്നുണ്ട്. 

SCROLL FOR NEXT