പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പതിപ്പിച്ചിനെ ചൊല്ലിയുള്ള നിർണായക വിവരങ്ങൾ ദേവസ്വം വിജിലൻസിന് ലഭിച്ചു. 1998ല്‍ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പതിപ്പിച്ചു. എന്നാൽ 2019ല്‍ ശില്‍പ്പങ്ങള്‍ ചെമ്പെന്ന് ഔദ്യാഗികമായി രേഖപ്പെടുത്തുകയായിരുന്നു. 2019 -ൽ ശില്പങ്ങൾ ചെമ്പെന്ന് രേഖപ്പെടുത്തിയ അഡ്മിനിസ്ട്രേറ്റ് ഓഫീസറുടെ റിപ്പോർട്ടും വിജിലൻസ് ലഭിച്ചു.
അതേസമയം സ്വർണ്ണത്തിൻ്റെ കണക്ക് വ്യക്തമാക്കുന്ന രേഖകൾക്കായുള്ള പരിശോധന തുടരുകയാണ്. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറി ചെമ്പുപാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ ഉത്തരവ് ഇറക്കിയതെന്നാണ് ലഭ്യമായ തെളിവുകളിൽ നിന്ന് വ്യക്തമാകുന്നത്.
ശബരിമല സന്നിധാനത്ത് നിലവിലുള്ളത് ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച ശ്രീകോവിൽ കവാടം ആണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 1999ൽ വിജയ് മല്യ സ്വർണം പൂശിയ കവാടത്തിൻ്റെ അടിഭാഗത്ത് വിടവ് കണ്ടെത്തിയതോടെ പുതിയ കവാടം നിർമിച്ച് നൽകാമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി വാഗ്ദാനം ചെയ്യുകയായിരുന്നു.
അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തേക്കില്ലെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ചോദ്യ ചെയ്യലിനായി ഇതുവരെ നോട്ടീസ് നൽകാത്തതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ ഇന്ന് ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.