യോഗി ആദിത്യനാഥ് Source: facebook
KERALA

"അയ്യപ്പൻ ധർമസംരക്ഷകൻ, സാത്വിക മൂല്യങ്ങൾ സംരക്ഷിക്കാൻ സംഗമം അനിവാര്യം"; ആഗോള അയ്യപ്പ സംഗമത്തിന് ആശംസയേകി യോഗി ആദിത്യനാഥ്

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചതിൽ യുപി മുഖ്യമന്ത്രി നന്ദി പറയുന്നുമുണ്ട്

Author : ന്യൂസ് ഡെസ്ക്

ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി മുഖ്യമന്ത്രി കത്തയച്ചതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ശബരിമലയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ആഗോള അയ്യപ്പ സംഗമത്തിന് കഴിയട്ടെയെന്നാണ് യോഗി ആദിത്യനാഥിൻ്റെ ആശംസ.

'വി.എൻ. വാസവൻ ജി' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് യോഗി ആദിത്യനാഥിൻ്റെ കത്ത്. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചതിൽ യുപി മുഖ്യമന്ത്രി നന്ദി പറയുന്നുമുണ്ട്.

"ധർമത്തിന്റെ ദിവ്യ സംരക്ഷകനാണ് ഭഗവാൻ അയ്യപ്പൻ. ധർമജീവിതത്തിന്റെ പാതയെ പ്രകാശിപ്പിക്കാനും, സാത്വിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും അയ്യപ്പ ആരാധന ഭക്തരെ പ്രചോദിപ്പിക്കുന്നു. ഐക്യവും സൗഹാര്‍ദ്ദവും ശക്തിപ്പെടുത്താന്‍ പൗരാണിക ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ വീക്ഷണകോണിൽ, അഗോള അയ്യപ്പ സംഗമത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഈ സമ്മേളനം അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു," യോഗി ആദിത്യനാഥ് കത്തിൽ കുറിച്ചു.

അതേസമയം ആഗോള അയ്യപ്പ സംഗമത്തിന് പമ്പാ തീരത്ത് തുടക്കമായി. അയ്യപ്പ വി​ഗ്രഹത്തിന് മുന്നിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനൻ തിരി തെളിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സം​ഗമം തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ. വാസവൻ, എ.കെ. ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി, വീണാ ജോർജ്, തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു, ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ, വെള്ളാപ്പള്ളി നടേശൻ, കൈതപ്രം തുടങ്ങിയ രാഷ്ട്രീയ സാമൂഹിക നേതാക്കളെല്ലാം വേദിയിലെത്തി.

SCROLL FOR NEXT