പിണറായി വിജയന്‍ 
KERALA

യുപിഐ ഇടപാടുകള്‍ക്ക് ഫീസ്: കേന്ദ്ര സർക്കാരിന്റെ പോക്കറ്റടി; കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കാൻ ജനങ്ങളെ പിഴിയുന്നു: പിണറായി വിജയന്‍

നോട്ടുനിരോധനത്തിനു ശേഷം രാജ്യത്ത് നടപ്പാക്കിയ 'ഡിജിറ്റൽ ഇന്ത്യ' ക്യാംപെയ്‌ന്‍ എന്തിനായിരുന്നുവെന്ന് വ്യക്തമാക്കണമെന്നും പിണറായി

Author : ന്യൂസ് ഡെസ്ക്

യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാര്‍ തീരുമാനത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം പകൽക്കൊള്ളയാണ്. വൻകിട ഫിൻടെക് കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള ഉപകരണമാക്കി യുപിഐ സംവിധാനത്തെ മാറ്റുന്ന സർക്കാർ നടപടി അംഗീകരിക്കാനാവില്ല. ഡിജിറ്റൽ ഇന്ത്യയുടെ പേരിൽ ജനങ്ങളെ യുപിഐ ഇടപാടുകളിലേക്ക് നിർബന്ധിച്ചു മാറ്റിയ ശേഷം, അതിനെ ഒരു വരുമാന മാർഗമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. നോട്ടുനിരോധനത്തിനു ശേഷം രാജ്യത്ത് നടപ്പാക്കിയ 'ഡിജിറ്റൽ ഇന്ത്യ' ക്യാംപെയ്‌ന്‍ എന്തിനായിരുന്നു എന്നെങ്കിലും വ്യക്തമാക്കണം. കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കാൻ വേണ്ടി ജനങ്ങളെ പിഴിയുന്ന തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ അടിയന്തരമായി പിന്മാറണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്കില്‍ പങ്കിട്ട കുറിപ്പിന്റെ പൂര്‍ണരൂപം

യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം പകൽക്കൊള്ളയാണ്. വൻകിട ഫിൻടെക് കമ്പനികൾക്കു കൊള്ളലാഭമുണ്ടാക്കാനുള്ള ഉപകരണമാക്കി യുപിഐ സംവിധാനത്തെ മാറ്റുന്ന സർക്കാർ നടപടി അംഗീകരിക്കാനാവില്ല. ഡിജിറ്റൽ ഇന്ത്യയുടെ പേരിൽ ജനങ്ങളെ യുപിഐ ഇടപാടുകളിലേക്ക് നിർബന്ധിച്ചു മാറ്റിയ ശേഷം, അതിനെ ഒരു വരുമാന മാർഗ്ഗമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദേശ ധനകാര്യ ഏജൻസികളുടെയും സ്വകാര്യ ബാങ്കുകളുടെയും താല്പര്യത്തിന് കേന്ദ്ര സർക്കാർ കുടപിടിക്കുകയാണ്.

നോട്ടുനിരോധനത്തിനു ശേഷം രാജ്യത്ത് കെട്ടിഘോഷിച്ചു നടപ്പാക്കിയ 'ഡിജിറ്റൽ ഇന്ത്യ' ക്യാമ്പെയിൻ എന്തിനായിരുന്നുവെന്നെങ്കിലും കേന്ദ്ര സർക്കാർ വ്യക്തമാക്കണം. യുപിഐ ഇടപാടുകൾ പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചാണ് അത് പ്രചരിപ്പിച്ചത്. സാധാരണക്കാരും അസംഘടിത തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമെല്ലാം ഇത് വിശ്വസിച്ച് പൂർണ്ണമായും ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറി. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4% മുതൽ ഫീസ് ഈടാക്കാനുള്ള പുതിയ വിജ്ഞാപനം മിതമായ ഭാഷയിൽ പറഞ്ഞാൽ പോക്കറ്റടിയാണ്.

ഈ ഫീസ് വ്യാപാരികളിൽ നിന്നും ഈടാക്കുമെന്നാണ് പറയപ്പെടുന്നതെങ്കിലും ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച് ഇതിന്റെ അന്തിമ ബാധ്യത ഉപഭോക്താക്കളിലേക്ക് തള്ളപ്പെടുമെന്നുറപ്പാണ്. ആത്യന്തികമായി ഈ സാമ്പത്തിക ഭാരം മുഴുവൻ സാധാരണക്കാരന്റെ തലയിലാകുന്ന നിലയാണ്. ബാങ്കുകളുടെ മിനിമം ബാലൻസ് പിഴ, എടിഎം നിരക്കുകൾ തുടങ്ങിയവയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നതിന് പിന്നാലെയാണ് ഇപ്പോൾ യുപിഐ ഫീസും അടിച്ചേൽപ്പിക്കുന്നത്. കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കാൻ വേണ്ടി ജനങ്ങളെ പിഴിയുന്ന ഈ തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ അടിയന്തരമായി പിന്മാറണം.

SCROLL FOR NEXT