തൃശൂർ: ചേലക്കരയിലെ നിർധനരായ കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവർ വഞ്ചിച്ച സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ചേലക്കര എംഎല്‍എ യു.ആർ. പ്രദീപ്. വഞ്ചിക്കപ്പെട്ടവരിൽ നിന്നും അപേക്ഷകൾ സ്വീകരിച്ച് മുന്നോട്ട് പോകാൻ മുഖ്യമന്ത്രി നിർദേശിച്ചുവെന്നും ചേലക്കര മണ്ഡലത്തിൽ നിരവധിയാളുകൾ വഞ്ചിക്കപ്പെട്ടു എന്നും എംഎൽഎ.
ചേലക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അൻവർ വീട് നൽകാമെന്ന് വാക്ക് നൽകിയത്. വേഗം നിർമാണപ്രവൃത്തികൾ തുടങ്ങുമെന്ന ഉറപ്പിൽ ഇവർ താമസിച്ചിരുന്ന പഴയ വീടുകൾ പൊളിക്കുകയായിരുന്നു.
ചേലക്കര നിയോജക മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളിൽ തമിഴ്നാട്ടിലെ കോർപ്പറേറ്റ് കമ്പനികളുടെ സഹായത്തോടെ 1000 വീടുകൾ കെട്ടിക്കൊടുക്കുമെന്നാണ് അൻവർ പ്രഖ്യാപിച്ചത്. മണ്ഡലത്തിലുടനീളം ഓഫീസുകൾ തുറന്ന് അപേക്ഷകളും സ്വീകരിച്ചു. പക്ഷേ, ചേലക്കര ഫലപ്രഖ്യാപനത്തിന് ശേഷം അൻവറിനെ ഈ വഴി കണ്ടിട്ടില്ലെന്നാണ് ആരോപണം.