"വീട് തരാം, വോട്ട് തരൂ"; ചേലക്കര ഉപതെരഞ്ഞെടുപ്പിനിടെ അന്‍വറിന്റെ ഭവനവാഗ്‌ദാനം വിശ്വസിച്ചവർ പെരുവഴിയില്‍

ഭവനവാഗ്ദാനം വിശ്വസിച്ച് വീടുകൾ പൊളിച്ചവരും നിർമാണം തുടങ്ങിയവരുമായ പാവങ്ങൾ ഇപ്പോൾ തെരുവിലിറങ്ങേണ്ട ഗതികേടിലാണ്
വിട് വാഗ്ദാനം ചെയ്ത് പി.വി. അന്‍വറിന്റെ വിശ്വാസവഞ്ചന
വിട് വാഗ്ദാനം ചെയ്ത് പി.വി. അന്‍വറിന്റെ വിശ്വാസവഞ്ചന
Published on

തൃശൂർ: ചേലക്കരയിലെ നിർധനരായ കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ വഞ്ചിച്ചതായി ആരോപണം. അൻവറിന്റെ ഭവനവാഗ്ദാനം വിശ്വസിച്ച് വീടുകൾ പൊളിച്ചവരും നിർമാണം തുടങ്ങിയവരുമായ പാവങ്ങൾ ഇപ്പോൾ തെരുവിലിറങ്ങേണ്ട ഗതികേടിലാണ്.

ചേലക്കര ഉപതരെഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അൻവർ വീട് നൽകാമെന്ന് വാക്ക് നൽകിയത്. വേഗം നിർമാണപ്രവൃത്തികൾ തുടങ്ങുമെന്ന ഉറപ്പിൽ ഇവർ താമസിച്ചിരുന്ന പഴയ വീടുകൾ പൊളിക്കുകയായിരുന്നു. പക്ഷേ, ചേലക്കര ഫലപ്രഖ്യാപനത്തിന് ശേഷം അൻവറിനെ ഈ വഴി കണ്ടിട്ടില്ലെന്ന് ഇവർ പറയുന്നു.

വിട് വാഗ്ദാനം ചെയ്ത് പി.വി. അന്‍വറിന്റെ വിശ്വാസവഞ്ചന
"ഗോവിന്ദച്ചാമിക്ക് ജയില്‍ ചാടാന്‍ സാധിക്കില്ല, എല്ലാം വിഎസിന്റെ ജനപ്രീതി മറയ്ക്കാനുള്ള ശ്രമം"; ഡെമോയുമായി അന്‍വർ

ചേലക്കര നിയോജക മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളിൽ തമിഴ്നാട്ടിലെ കോർപ്പറേറ്റ് കമ്പനികളുടെ സഹായത്തോടെ 1000 വീടുകൾ കെട്ടിക്കൊടുക്കുമെന്നാണ് അൻവർ പ്രഖ്യാപിച്ചത്. അൻവർ ഡിഎംകെ ബന്ധം സ്വപ്നം കാണുന്ന കാലമായിരുന്നു അത്. മണ്ഡലത്തിലുടനീളം ഓഫീസുകൾ തുറന്ന് അപേക്ഷകൾ സ്വീകരിച്ചു.

അന്‍വറിന്റെ വാഗ്ദാനം വിശ്വസിച്ച് ജീവിതം അവതാളത്തിലായ നിരവധി പേരെ ചേലക്കര നിയോജക മണ്ഡലത്തില്‍ കാണാം. പഴയന്നൂർ പൊറ്റ സ്വദേശികളായ പ്രമോദും കുടുംബവും പുതിയ വീട് സ്വപ്നം കണ്ട് താമസിച്ചിരുന്ന ഷെഡ്ഡ് പൊളിച്ചു. ഇപ്പോള്‍ ഈ മഴക്കാലത്ത് പ്ലാസ്റ്റിക്ക് കൂരയിലാണ് ഇവരുടെ താമസം.

ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂർ സ്വദേശി അബ്ദുൾ സലാമിനെയും കുടുംബത്തിനും ചെറുതെങ്കിലും വാസയോഗ്യമായ ഒരു വീടുണ്ടായിരുന്നു. അതും പൊളിച്ചു. ഉപതെരഞ്ഞെടുപ്പ് സമയത്ത് തറ കെട്ടിയിട്ട ശേഷം പോയ അൻവറിന്റെ ആളുകൾ പിന്നീട് വന്നത് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കാലത്താണ്. ഒരു ലോഡ് മണലും സിമൻ്റ് കട്ടയും മെറ്റലും ഇറക്കിയിട്ട് പോയി. പിന്നെ കണ്ടിട്ടില്ല.

വിട് വാഗ്ദാനം ചെയ്ത് പി.വി. അന്‍വറിന്റെ വിശ്വാസവഞ്ചന
ആള്‍ത്തിരക്കും ആരവവുമില്ല; ശ്മശാന മൂകതയില്‍ മഹാദുരന്തം കവര്‍ന്നെടുത്ത ചൂരല്‍മല അങ്ങാടി

പാമ്പൂരി സ്വദേശികളായ പത്മാവതിയും മകനും സ്വന്തം സമ്പാദ്യം കൊണ്ടാണ് വീടുപണി തുടങ്ങിയത്. പണമില്ലാതെ പണിമുടങ്ങിക്കിടന്നപ്പോഴാണ് അൻവറും അന്നത്തെ ഡിഎംകെ പ്രവർത്തകരും വാഗ്ദാനവുമായി വന്നത്. പഴയ തടി ഉരുപ്പടികളും മറ്റുമെത്തിച്ച് ചില്ലറ പണികൾ കാട്ടിക്കൂട്ടി മടങ്ങി. വാതിൽപ്പൊക്കത്തിൽ പണി നിലച്ച് മഴ കൊണ്ടുകിടക്കുകയാണ് അവരുടെ വീട്.

2024 നവംബറിൽ നടന്ന ചേലക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് വിപുലമായ സംവിധാനങ്ങളും വലിയ അനുയായിക്കൂട്ടവുമായി മണ്ഡലത്തിൽ ഉടനീളമെത്തി അൻവർ ഈ വിധം സ്വാധീനിച്ച മനുഷ്യർ അനവധിയാണ്. ഉണ്ടായിരുന്ന വീട് പൊളിച്ചുകളഞ്ഞ് താല്‍ക്കാലിക കൂരകളിലായവർ. ഒൻപത് മാസം പിന്നിട്ടു. ചേലക്കരയിലും നിലമ്പൂരിലും ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു. അന്‍വർ പരാജയപ്പെട്ടു. അന്‍വറിനെ വിശ്വസിച്ചവർ വഞ്ചിതരായി പെരുവഴിയിലും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com