തിരുവനന്തപുരം: ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് കൂടുതല്‍ നേതാക്കള്‍. രാഹുലിന്റെ രാജിയുമായി ബന്ധപ്പെട്ട് കെപിസിസിയില്‍ കൂടിയാലോചന യോഗം തുടരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ എന്നിവരടക്കം ചര്‍ച്ചയില്‍ പങ്കെടുത്തു.
യോഗത്തില്‍ കൂടുതല്‍ നേതാക്കളും ആവശ്യപ്പെട്ടത് രാഹുല്‍ രാജിവെക്കണമെന്നാണ്. രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ ഇതേ ആവശ്യം ഉന്നയിച്ചു. രാഹുല്‍ അടിയന്തരമായി രാജിവെക്കണമെന്നാണ് ചെന്നിത്തല അറിയിച്ചത്. ഇനി വരാന്‍ പോകുന്നത് ഗുരുതരമായ വെളിപ്പെടുത്തലുകളാണ്. അതെല്ലാം അംഗീകരിക്കേണ്ട സാഹചര്യം പാര്‍ട്ടിക്ക് ഇല്ലെന്നുമാണ് കൂടിയാലോചനയില്‍ മുതിര്‍ന്ന നേതാക്കളടക്കം നിലപാടെടുത്തത്.
സെപ്റ്റംബര്‍ 15 ന് നിയമസഭ ആരംഭിക്കുന്നതിനു മുമ്പ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാണ് ആവശ്യം. മുതിര്‍ന്ന നേതാക്കളെല്ലാം രാഹുല്‍ രാജിവെക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.
ഇന്നലെ രാത്രി തന്നെ കെപിസിസി രാഹുലിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നതു മുതല്‍ രാഹുല്‍ അടൂരിലെ വീട്ടിലായിരുന്നു. ഇന്നലെ വൈകിട്ട് പാര്‍ട്ടിയുടെ അനുമതിയില്ലാതെ രാഹുല്‍ വിളിച്ച പത്രസമ്മേളനം അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. മുതിര്‍ന്ന നേതാക്കളടക്കം വിളിച്ച് മുന്നറിയിപ്പ് നല്‍കിയതോടെയാണ് പത്രസമ്മേളനം റദ്ദാക്കിയത്.
ചില ചാറ്റുകള്‍ പുറത്തുവിടാന്‍ ആണ് രാഹുല്‍ മാധ്യമങ്ങളെ കാണാനിരുന്നതെന്നാണ് സൂചന. എന്നാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രാഹുലിനെ വിളിച്ചു. പരാതിക്കാരെ ഭീഷണിപ്പെടുത്തുന്ന തരത്തിലേക്ക് നീങ്ങിയാല്‍ നടപടി ഗുരുതരം ആകും എന്ന് മുന്നറിയിപ്പ് നല്‍കിയതോടെയാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയത്.