തിരുവനന്തപുരം: നേമത്ത് മത്സരിക്കണമെന്ന മന്ത്രി ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അദ്ദേഹം എന്നെക്കാൾ നിലവാരമുള്ള നേതാവ്. മന്ത്രി ശിവൻകുട്ടി ആഗ്രഹിക്കുന്നുവെങ്കിലും ഏറ്റുമുട്ടലിന് ഇല്ലെന്നും പ്രതിപക്ഷ നേതാവിൻ്റെ പരിഹാസം. സ്പ്രിംഗ്ളർ വിവാദം ഉണ്ടായപ്പോൾ ഇട്ടിട്ട് ഓടിയത് മുഖ്യമന്ത്രിയും സർക്കാരുമാണ്. കേസിൽ താൻ കക്ഷി ചേർന്നിട്ടില്ല. നടപടിയുമായി സർക്കാർ മുന്നോട്ടു പോയില്ലല്ലോ എന്താണ് പദ്ധതി പിൻവലിച്ചതെന്നും വി.ഡി.സതീശൻ ചോദിച്ചു.
സിൽവർലൈനെ എതിർത്തത് പഠിച്ചിട്ടാണെന്നും വി.ഡി.സതീശൻ വ്യക്തമാക്കി. കേരളത്തിൽ അതിവേഗ ട്രെയിൻ വരുന്നതിന് തങ്ങൾ എതിരല്ല. നല്ല പദ്ധതി ആണെന്ന് ബോധ്യമായാൽ അതിനെ അംഗീകരിക്കും. ഇ.ശ്രീധരൻ മുന്നോട്ട് വെച്ച പദ്ധതി മുഖ്യമന്ത്രി കേന്ദ്രത്തോട് പറഞ്ഞിരുന്നു. ഇത് വ്യക്തമാക്കിയത് മുഖ്യമന്ത്രി തന്നെയാണ്. പണ്ട് കൊച്ചിയിൽ നിന്ന് ശ്രീധരനെ മാറ്റരുതെന്ന് പറഞ്ഞു സമരം ചെയ്തവരാണ്. ഇപ്പോൾ ശ്രീധരനെ പിടിക്കുന്നില്ല. ഞങ്ങളെ ഇതൊന്നും ബാധിക്കുകയില്ല. കേരളത്തിന് സഹായകമാകുന്ന പദ്ധതി വരട്ടെ. അത് കേരളം കൊണ്ടു വന്നാലും കേന്ദ്രം കൊണ്ടു വന്നാലും സ്വാഗതം ചെയ്യും. പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ എതിർക്കുകയും ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
സി. ജെ.റോയിയുടെ മരണത്തിൽ ദുരൂഹതയുള്ളതായും വി.ഡി.സതീശൻ പറഞ്ഞു. ഒരുപാട് സംശയങ്ങൾ ബാക്കിയാവുന്ന കാര്യമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.