ഇടുക്കി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിലപാടിൽ ഉറച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുലിനെതിരെ നടപടി എടുത്തിട്ടുണ്ടെന്നും, നടപടി എടുത്തില്ലായെങ്കിൽ പാർട്ടി പ്രതിരോധത്തിലായേനെ എന്നും സതീശൻ പറഞ്ഞു. "പാർട്ടിയുടെ മീതെ ഒരു പോറൽ പോലും ഏൽപ്പിക്കാൻ ഞങ്ങൾ സമ്മതിക്കില്ല. പാർട്ടിയെ ഞങ്ങൾ സംരക്ഷിക്കും. ആ കാര്യത്തിൽ പാർട്ടിക്ക് ഒരു ക്ഷീണവും ഇല്ല. "; വി.ഡി. സതീശൻ വ്യക്തമാക്കി.
കോൺഗ്രസ് ചെയ്തതുപോലെ കേരളത്തിലെയോ, രാജ്യത്തെയോ ഏതെങ്കിലും പാർട്ടി ചെയ്തിട്ടുണ്ടോ, അതുകൊണ്ട് തന്നെ പാർട്ടിയെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം മാത്രമാണ് എന്നും സതീശൻ വ്യക്തമാക്കി. ഈ വിഷയം തെരഞ്ഞെടുപ്പിചർച്ച ആയാലും അതിൻ്റെ മുന്നിൽ തലയുയർത്തി നിൽക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഇന്നലെയാണ് നേതൃത്വത്തിന് മുന്നിൽ പരാതി വന്നത്. ആ കാര്യത്തിൽ ആലോചിച്ച് തീരുമാനമടുക്കും. ശബരിമലയിലെ സ്വർണക്കൊള്ള അന്തരീക്ഷത്തിൽ നിന്നും മറച്ചുപിടിക്കാൻ സിപിഐഎം ശ്രമിക്കുന്നു. എന്ത് നാണം കെട്ടവരാണ് സിപിഐഎമ്മുകാർ, കോൺഗ്രസ് അതുപോലെയാണോ എന്നും സതീശൻ ചോദ്യമുന്നയിച്ചു.
എത്രയോ പരാതികൾ എകെജി സെൻ്ററിൽ കെട്ടിക്കിടക്കുന്നുണ്ട്. അതിൽ എന്തുമാത്രം സ്ത്രീകളുടെ പരാതികൾ ഉണ്ട്. ബലാത്സംഗക്കേസിലെ പ്രതിയെ ഒപ്പം നിർത്തിയാണ് സിപിഐഎം ആരോപണം ഉന്നയിക്കുന്നതെന്നും സതീശൻ പറഞ്ഞു.
ശബരിമലയിലെ സ്വർണം കട്ടവർക്കെതിരെ സിപിഐഎം ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പറയുന്നു. തൊലിക്കട്ടിക്കുള്ള അവാർഡ് എം വി ഗോവിന്ദന് കൊടുക്കണം. അയ്യപ്പൻ്റെ സ്വർണം ഇത്രയും കട്ടെങ്കിൽ ഖജനാവിൽ നിന്ന് എത്ര കട്ടുകാണും എന്ന വിമർശനവും സതീശൻ ഉന്നയിച്ചു.