വി. ഡി. സതീശൻ, രാഹുല്‍ ഗാന്ധി Source: Facebook
KERALA

രാഹുലിൻ്റേത് ലോകചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സമരം: വി.ഡി. സതീശൻ

തൃശൂരിൽ വ്യാപകമായി വ്യാജ വോട്ടുകൾ ചേർത്തു. വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കോൺഗ്രസ് പരിശോധനയുടെ ഭാഗമായി പ്രവർത്തിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വോട്ടി ചോരി ആരോപണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള മാർച്ചിൽ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് വി.ഡി. സതീശൻ. അറസ്റ്റ് കൊണ്ട് രാഹുൽ ഗാന്ധിയെ നേരിടാൻ ആവില്ല. വോട്ടർ പട്ടിക ക്രമക്കേടിനെതിരെ ലോകചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സമരമാണ് രാഹുൽ ഗാന്ധി ചെയ്യുന്നത് എന്നും സതീശൻ പറഞ്ഞു.

തൃശൂരിൽ വ്യാപകമായി വ്യാജ വോട്ടുകൾ ചേർത്തു. ആസൂത്രിതമായും വോട്ട് ചേർത്തിട്ടുണ്ട്. വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കോൺഗ്രസ് പരിശോധനയുടെ ഭാഗമായി പ്രവർത്തിക്കും. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ ജാഗരൂകരായിരിക്കണമെന്നും വി. ഡി. സതീശൻ പറഞ്ഞു. വോട്ടർപട്ടിക പുറത്തുവന്നാൽ പ്രത്യേക പരിശോധന നടത്തും. വോട്ടർപട്ടിക ഗൗരവത്തോടെ ഒരാഴ്ച പരിശോധിക്കും. ഒരു പരിശോധന വാരം തന്നെ യുഡിഎഫ് നടത്തുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് വോട്ടർപട്ടിക ക്രമക്കേടിൽ തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. എക്സിറ്റ് പോളും, അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നതിന് വിപരീതമായാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതെന്നും തുടങ്ങിയ സംശയങ്ങളാണ് ഇത്തരത്തിലൊരു കണ്ടെത്തലിലേക്ക് കോൺഗ്രസിനെ കൊണ്ടെത്തിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

വോട്ടര്‍ പട്ടിക പ്രിൻ്റ് ചെയ്യുന്നതിലും തട്ടിപ്പുണ്ട്. ഒപ്ടിക്കല്‍ റീഡിങ് സാധ്യമല്ലാത്തവിധമാണ് പ്രിന്റിങ്. കംപ്യൂട്ടര്‍ സഹായമില്ലാതെയാണ് അവ കോണ്‍ഗ്രസ് പരിശോധിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സഹായിച്ചിരുന്നെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഇവ പരിശോധിക്കാമായിരുന്നു. മാസങ്ങളെടുത്താണ് കോണ്‍ഗ്രസ് ഇവ പരിശോധിച്ചതെന്നും രാഹുൽ ഗാന്ധി വെളിപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് കൊണ്ട് വെബ്‌സൈറ്റും മിസ്ഡ് കോള്‍ സംവിധാനവും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിരുന്നു. ജനങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും ഓഡിറ്റ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ വോട്ടര്‍ പട്ടിക പുറത്തിറക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് പുതിയ നീക്കം നടത്തുന്നതെന്നാണ് രാഹുൽ പറഞ്ഞത്.

ജനാധിപത്യത്തെ സംരക്ഷിക്കാനായി പ്രതിപക്ഷത്തിന്റെ പോരാട്ടത്തിനൊപ്പം അണിചേരാന്‍ പൊതുജനങ്ങളെ ക്ഷണിച്ചു കൊണ്ടാണ് വെബ്‌സൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്. http://votechori.in/ecdemand എന്ന വെബ്‌സൈറ്റിലൂടെയും 9650003420 നമ്പരില്‍ മിസ് കോള്‍ നല്‍കിയും ജനങ്ങള്‍ക്ക് പിന്തുണ നല്‍കാമെന്നും രാഹുൽ ഗാന്ധി അറിയിച്ചിരുന്നു.

SCROLL FOR NEXT