KERALA

"ലക്ഷ്യം മാഫിയാ സംഘങ്ങളുടെ കയ്യില്‍ നിന്ന് സിപിഐഎമ്മിനെ രക്ഷിക്കല്‍"; പയ്യന്നൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് വി. കുഞ്ഞികൃഷ്ണന്‍

പയ്യന്നൂരില്‍ ടി.ഐ. മധുസൂദനന്‍ അല്ലായിരുന്നു സ്ഥാനാര്‍ഥിയെങ്കില്‍ മത്സരിക്കില്ലായിരുന്നുവെന്നും സിപിഐഎം മധുസൂദനനെ മത്സരിപ്പിക്കില്ല എന്നാണ് കരുതിയിരുന്നതെന്നും വി. കുഞ്ഞികൃഷ്ണന്‍

Author : ന്യൂസ് ഡെസ്ക്

കണ്ണൂര്‍: പയ്യന്നൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് വി. കുഞ്ഞികൃഷ്ണന്‍. പയ്യന്നൂരില്‍ ടി.ഐ. മധുസൂദനന്‍ അല്ലായിരുന്നു സ്ഥാനാര്‍ഥിയെങ്കില്‍ മത്സരിക്കില്ലായിരുന്നുവെന്നും സിപിഐഎം മധുസൂദനനെ മത്സരിപ്പിക്കില്ല എന്നാണ് കരുതിയിരുന്നതെന്നും വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ ഉന്നയിച്ച വിഷയത്തില്‍ പോരാട്ടം തുടരാന്‍ മത്സരിക്കേണ്ടത് അനിവാര്യതയാണ്. പോരാട്ടം മുന്നോട്ട് കൊണ്ടു പോകാന്‍ മത്സരിക്കുകയല്ലാതെ വേറെ വഴിയില്ല. ഇടതുപക്ഷത്തിനെതിരെയല്ല തന്റെ സ്ഥാനാര്‍ഥിത്വം. സ്വതന്ത്രനായി മത്സരിക്കും. പയ്യന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഇടതുപക്ഷക്കാരനായി കാണുന്നില്ലെന്നും വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ഇടതുപക്ഷ മനസുള്ള ഒരാള്‍ക്ക് എങ്ങനെ രക്തസാക്ഷി ഫണ്ട് അഴിമതി കാണിക്കാന്‍ സാധിക്കും. മാഫിയാ സംഘങ്ങളുടെ കയ്യില്‍ നിന്ന് സിപിഐഎമ്മിനെ രക്ഷിക്കുക എന്നത് ലക്ഷ്യം. അതിന് വേണ്ടിയാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്സ് പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായോ കോണ്‍ഗ്രസുമായോ ഇതുവരെ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. തന്റെ പോരാട്ടത്തിന് ജനങ്ങളില്‍ നിന്നും വലിയ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

SCROLL FOR NEXT