വി എസ് അച്യുതാനന്ദൻ Source; Facebook
KERALA

വിഎസ് എന്ന ജനങ്ങളുടെ പ്രതിപക്ഷം

എപ്പോഴും പ്രതിപക്ഷ സ്വരമുള്ള ഒറ്റയാന്‍ ആണ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനുസ്മരിച്ചത്.

Author : ശാലിനി രഘുനന്ദനൻ

മുതിർന്ന കമ്യൂണിസ്റ്റ് നേതാവ്, കേരളത്തിന്റെ മുൻ മുഖ്യമന്ത്രി. സിപിഐഎമ്മിലും ഇടതുമുന്നണിയിലും വിഎസ് അച്യുതാനന്ദൻ വഹിക്കാത്ത പദവികളില്ലെന്നു തന്നെ പറയാം. രാഷ്ട്രീയ കേരളത്തിന്റെ സമര ചരിത്രമെന്ന് വിശേഷിപ്പിക്കുന്ന വിഎസ് കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ് കൂടിയാണ്. ഏറ്റവും കൂടുതൽ കാലം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന മാർക്സിസ്റ്റ് പാർട്ടി നേതാവാണ് വിഎസ്. മുഖ്യമന്ത്രി എന്നതിലുപരി പ്രതിപക്ഷ നേതാവായ വിഎസിനെ കക്ഷിരാഷ്ട്രീയ ഭേദമെന്ന്യേ ആരാധിക്കുന്ന നിരവധിപ്പേരുണ്ട്. എപ്പോഴും പ്രതിപക്ഷ സ്വരമുള്ള ഒറ്റയാന്‍ ആണ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനുസ്മരിച്ചത്.

1991-'96, 2001-'06 കാലത്താണ് വി.എസ്. എന്ന പ്രതിപക്ഷ നേതാവിന്റെ കരുത്ത് കേരളമാകെ ആളിപ്പടർന്നത്. പിന്നീട് 2011- 2016 ഉൾപ്പെടെ മൂന്ന് തവണ കേരളത്തിന്റെ പ്രതിപക്ഷ സ്വരമായി വിഎസ് നിറഞ്ഞു നിന്നു. നിയമസഭക്ക് അകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച, ശക്തമായ സമരങ്ങൾക്കും, രാഷ്ട്രീയ പ്രചരണങ്ങൾക്കും, ജനകീയ മുന്നേറ്റങ്ങൾക്കും നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവായിരുന്നു വിഎസ്. വനം കയ്യേറ്റം, മണല്‍ മാഫിയ, അഴിമതി എന്നിവയ്‌ക്കെതിരെ ശക്തമായ നിലപാടുകള്‍ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി.

പാമോലിൻ കേസും, ബാർകോഴയും, സോളാറും തുടങ്ങി ഭരണപക്ഷം വിയർത്ത അഴിമതിക്കേസുകളിലും ആരോപണങ്ങളിലും ആ സമയം പ്രതിപക്ഷ നേതാവായിരുന്ന വിഎസ് ശക്തമായ നിലപാടുകളെടുത്തു. ചോദ്യങ്ങൾ ചോദിച്ചു. യുഡിഎഫ് സർക്കാരിനോടു മാത്രമല്ല സ്വന്തം പാർട്ടിക്കകത്തും പ്രതിപക്ഷമായിരിക്കാൻ വിഎസ് ധൈര്യം കാണിച്ചു. വെട്ടിനിരത്തൽ സമരം മുതൽ ടിപി വധം ഉൾപ്പെടെ സിപിഐഎം പ്രതിരോധത്തിലായ ഘട്ടങ്ങളിൽ വിഎസിനെ നയിച്ചത് സ്വന്തം മനസാക്ഷിയായിരുന്നു. അത് തന്നെയായിരുന്നു പൊതു സമൂഹത്തിന്റെ മനസാക്ഷിയും.

പാർട്ടിയുമായി ഉണ്ടായ ഭിന്നതകളും,വിമർശനങ്ങളുമൊന്നും വിഎസിനെ തളർത്തിയില്ല. അദ്ദേഹം പാർട്ടിയ്ക്കുള്ളിലും തന്റെ വിയോജിപ്പുകൾ വ്യക്തമാക്കി. കർശന നിലപാടുകൾ തുറന്നു പറഞ്ഞു. പലപ്പോഴും പാർട്ടിയിലെ പ്രതിനായകനായി വിഎസ് മാറുമോ എന്ന ചർച്ചകൾ ഉയർന്നു. പക്ഷെ പ്രതിപക്ഷ നേതാവായതോടെ വിഎസ് കളം നിറഞ്ഞു. അനീതിക്കും അഴിമതിക്കുമെതിരായ സമര മുഖങ്ങളിൽ വിഎസ് നിന്നപ്പോൾ കേരളം വിഎസിനൊപ്പം നിന്നു. അതോടെ അദ്ദേഹം ജനങ്ങളുടെ പ്രതിപക്ഷമായി മാറി. സാധാരണ സഖാക്കളുടെ കണ്ണും കരളും, നെഞ്ചിലെ റോസാപ്പൂവുമായി.

2006-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണിയെ 140-ൽ 98 സീറ്റുകൾ നേടി കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തിക്കുന്നതിൽ പതിനൊന്നാം കേരള നിയമസഭയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വർഷക്കാലത്തെ ശക്തമായ പ്രവർത്തനം മറക്കാനാകാത്തതാണ്.

വേലിക്കകത്തും പുറത്തും തളരാത്ത പോരാളിയെന്ന് നിരീക്ഷകർ വിഎസിനെ കളിയായും കാര്യമായും വിശേഷിപ്പിച്ചു. ഭരണത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും വിഎസ് എന്ന ഒറ്റായാന് ഒരു പ്രതിപക്ഷ സ്വരമായിരുന്നു എന്ന് വിലയിരുത്തിയവരേറെയാണ്. കേരളം കണ്ട എക്കാലത്തെയും മികച്ച പ്രതിപക്ഷ നേതാവ്. വിഎസ് എന്ന പ്രതിപക്ഷം.

SCROLL FOR NEXT