അന്ന് യെച്ചൂരി വിളിച്ചു, 'കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോ'; ഒടുവില്‍ ആ മരണം അറിയാതെ വിഎസും യാത്രയായി

യെച്ചൂരി ഒന്നാം ക്ലാസില്‍ ചേരുന്ന സമയത്ത് ഒന്നാം കേരള സര്‍ക്കാരിനെ ഉപദേശിക്കുന്ന സമിതിയിലെ അംഗമാണ് വി.എസ്
വിഎസ് അച്യുതാനന്ദൻ
വിഎസ് അച്യുതാനന്ദനും സീതാറാം യെച്ചൂരിയും NEWS MALAYALAM 24x7
Published on

'വിഎസ് കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോ'... 2016 ലാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി പ്രഖ്യാപിച്ചതിനു പിന്നാലെ, വിഎസിനെ അടുത്തിരുത്തി അദ്ദേഹം ഇങ്ങനെ പറഞ്ഞത്. രാഷ്ട്രീയത്തിലെ അസാധാരണ സൗഹൃദമായിരുന്നു വിഎസും യെച്ചൂരിയും തമ്മിലുണ്ടായിരുന്നത്. 29 വയസിന്റെ പ്രായവ്യത്യാസമുണ്ടായിരുന്നു വിഎസും യെച്ചൂരിയും തമ്മില്‍. പക്ഷെ, രണ്ട് കമ്മ്യൂണിസ്റ്റുകളുടെ ആത്മ ബന്ധത്തില്‍ ആ പ്രായവ്യത്യാസമൊന്നും ഒന്നുമല്ലായിരുന്നു.

അനാരോഗ്യം മൂലം മകന്‍ അരുണ്‍ കുമാറിന്റെ വീട്ടില്‍ കഴിഞ്ഞ അവസാന കാലത്തും വിഎസ് മുടക്കാത്ത ഒന്നുണ്ടായിരുന്നു, പത്രം കേള്‍ക്കല്‍. അന്നന്നത്തെ വാര്‍ത്തകളെല്ലാം വിഎസിന് വായിച്ചു കേള്‍പ്പിക്കും. പക്ഷെ, യെച്ചൂരി വിടവങ്ങിയപ്പോള്‍ ആ വാര്‍ത്ത മാത്രം വിഎസ് കേട്ടില്ല, അദ്ദേഹത്തെ അറിയിച്ചില്ല. ആ വാര്‍ത്ത കേട്ടാല്‍ ആ മനസ്സിന് താങ്ങുമോ എന്ന ആശങ്കയായിരുന്നിരിക്കാം. ആത്മസുഹൃത്തിന്റെ മരണവാര്‍ത്ത അറിയാതെയാണ് വിഎസ് വിടവാങ്ങിയത്.

വിഎസ് അച്യുതാനന്ദൻ
''എന്നോട് ചോദിക്കും നീ പാടിയില്ലേ എന്ന്, ഒന്നുകൂടി പാടാന്‍ പറയും''; വിഎസിനെക്കുറിച്ചുള്ള ഓര്‍മകളുമായി വിപ്ലവ ഗായിക പി.കെ. മേദിനി

സീതാറാം യെച്ചൂരി ജനിക്കുമ്പോള്‍ വി.എസ്. അച്യുതാന്ദന്‍ പുന്നപ്ര വയലാര്‍ കേസില്‍ ജയില്‍വാസം കഴിഞ്ഞു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്നു. യെച്ചൂരി ഒന്നാം ക്ലാസില്‍ ചേരുന്ന സമയത്ത് ഒന്നാം കേരള സര്‍ക്കാരിനെ ഉപദേശിക്കുന്ന സമിതിയിലെ അംഗമാണ് വി.എസ്. പക്ഷേ, വി.എസ്. പിന്നീടുള്ള ജീവിതത്തില്‍ ആര്‍ക്കെങ്കിലും ചെവി കൊടുത്തിട്ടുണ്ടെങ്കിലും ആരുടെയെങ്കിലും ഉപദേശം കേട്ടിട്ടുണ്ടെങ്കിലും അതു സീതാറാം യെച്ചൂരിയുടേതാണ്.

2016ൽ എകെജി സെന്‍ററിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ യെച്ചൂരി വിഎസിനെ കേരളത്തിലെ ഫിദൽ കാസ്ട്രോ എന്ന് വിശേഷിപ്പിക്കുന്ന അവസരത്തിൽ എടുത്ത ചിത്രം
2016ൽ എകെജി സെന്‍ററിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ യെച്ചൂരി വിഎസിനെ കേരളത്തിലെ ഫിദൽ കാസ്ട്രോ എന്ന് വിശേഷിപ്പിക്കുന്ന അവസരത്തിൽ എടുത്ത ചിത്രം Source: Journalist Korah Abraham/ Instagram
വിഎസ് അച്യുതാനന്ദൻ
''മുദ്രാവാക്യങ്ങളാല്‍ തിയേറ്റര്‍ പ്രകമ്പനം കൊണ്ടു''; ഐഎഫ്എഫ്‌കെയില്‍ സിനിമ കാണാനെത്തിയ വിഎസിനെക്കുറിച്ച് ഡോ. ബിജു

അസാധാരണമായിരുന്നു ആ രാഷ്ട്രീയ ബന്ധം. 32 പേര്‍ക്കൊപ്പം സിപിഐ ജനറല്‍ കൗണ്‍സിലില്‍ നിന്ന് വി.എസ്. അച്യുതാനന്ദന്‍ ഇറങ്ങിപ്പോരുമ്പോള്‍ പന്ത്രണ്ടു വയസ്സ് മാത്രമാണ് സീതാറാം യച്ചൂരിക്ക് പ്രായം. പത്തുവര്‍ഷം കഴിഞ്ഞ് 1974ല്‍ മാത്രമാണ് യെച്ചൂരി എസ്എഫ്‌ഐ അംഗമാകുന്നത്. 1975ലാണ് യെച്ചൂരിക്ക് സിപിഎം അംഗത്വം കിട്ടുന്നത്. പാറപ്പുറം യോഗത്തിനു പിന്നാലെ 1941ല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ കൂട്ടായ്മ കോഴിക്കോട് നടക്കുമ്പോള്‍ അതില്‍ പങ്കെടുത്തയാളാണ് വിഎസ്. അതേ വി.എസ്. യെച്ചൂരി എന്ന ചെറുപ്പക്കാരനോട് അതിവേഗം ശിഷ്യപ്പെട്ടു.

വിഎസ് അച്യുതാനന്ദൻ
സമരത്തിലെ വിഎസിനെ പരിചയമുള്ളവർ മറന്നുപോകുന്ന ഭരണത്തിലെ അച്യുതാനന്ദൻ

ഇഎംഎസ് നമ്പൂതിരിപ്പാട് ജനറല്‍ സെക്രട്ടറിയും വി.എസ്. അച്യുതാനന്ദന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കാലത്ത് 1986 ആയപ്പോഴേക്കും കേന്ദ്ര കമ്മിറ്റിയില്‍ എത്തിയ ആളാണ് സീതാറാം യെച്ചൂരി. അതേ സമ്മേളനത്തിലാണ് വി.എസും ആദ്യമായി പോളിറ്റ് ബ്യൂറോയില്‍ എത്തിയത്. യെച്ചൂരിക്കൊപ്പം അതേ കമ്മിറ്റിയില്‍ എത്തിയ പ്രകാശ് കാരാട്ടിനേയും എസ്.രാമചന്ദ്രന്‍ പിള്ളയേയും ആയിരുന്നില്ല വിഎസ് കൂടുതലായി ആശ്രയിച്ചത്. സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ഡല്‍ഹിയില്‍ എത്തിയപ്പോഴൊക്കെ വഴികാട്ടിയത് യെച്ചൂരി ആയിരുന്നു. 1992 മുതല്‍ ഇരുവരും പോളിറ്റ് ബ്യൂറോകളില്‍ ഒന്നിച്ചു പങ്കെടുത്തു.

2006ല്‍ വിഎസിന് സ്ഥാനാര്‍ത്ഥിയാക്കാനും മുഖ്യമന്ത്രിയാക്കാനും ഏറ്റവും ശക്തമായി വാദിച്ച നേതാവ് സീതാറാം യെച്ചൂരിയായിരുന്നു. 2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി ജനറല്‍ സെക്രട്ടറി ആകണമെന്നു വാദിച്ച കേരളത്തില്‍ നിന്നുള്ള ഏക നേതാവും വിഎസ് ആയിരുന്നു. മറ്റുള്ളവരെല്ലാവരും എസ്.രാമചന്ദ്രന്‍പിള്ളയ്ക്കായി നിലകൊണ്ടപ്പോള്‍ തീരുമാനം അനന്തമായി നീണ്ടു. തിരുവനന്തപുരത്തേക്കു മടങ്ങാന്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയിലാണ് എസ്.ആര്‍.പി പിന്മാറിയതും യെച്ചൂരിയെ തീരുമാനിച്ചതും വിഎസ് അറിയുന്നത്. യെച്ചൂരിയെ അഭിനന്ദിക്കാനായുള്ള ആ മടങ്ങിവരവിലൂടെയാണ് വിശാഖപട്ടണത്ത് നടന്ന മത്സരത്തിന് വിഎസ് സ്ഥിരീകരണം നല്‍കിയത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സദസ്സിലെത്തി യെച്ചൂരിക്കു വിഎസ് കൈമാറിയ കുറിപ്പില്‍ എന്തായിരുന്നുവെന്നത് ഇന്നും ചുരുളഴിയാത്ത സമസ്യയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com