ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശത്തെക്കുറിച്ചുള്ള മുന്‍ എംഎല്‍എ സുരേഷ് കുറുപ്പിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടിയും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും Source: Facebook/ V. Sivankutty, Kadakampally Surendran
KERALA

"ഞങ്ങളും ആലപ്പുഴ സമ്മേളനത്തിൽ പങ്കെടുത്തവർ, ഒരാളും വിഎസിനെതിരെ ക്യാപ്പിറ്റൽ പണിഷ്മെന്റ് പരാമർശം നടത്തിയിട്ടില്ല"

"വിഎസ് മരിച്ച ശേഷം അനാവശ്യ വിവാദങ്ങൾക്ക് ശ്രമിക്കുന്നു. പാർട്ടിയുടെ വളർച്ചയിൽ ഉത്കണ്ഠ പെടുന്നവരാണ് ഇത്തരം ചർച്ചകൾ ഉണ്ടാക്കുന്നത്"

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വിഎസിനെതിരായ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശത്തെക്കുറിച്ചുള്ള മുന്‍ എംഎല്‍എ സുരേഷ് കുറുപ്പിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടിയും മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനും. ഒരാളും സമ്മേളനത്തിൽ വിഎസിന് എതിരെ ക്യാപ്പിറ്റൽ പണിഷ്മെന്റ് പരാമർശം നടത്തിയിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. താനും ആലപ്പുഴ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഒരു വനിതാ നേതാവും ഇങ്ങനെ ചർച്ച നടത്തിയിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

വിഎസ് മരിച്ച ശേഷം അനാവശ്യ വിവാദങ്ങൾക്ക് ശ്രമിക്കുന്നു. പാർട്ടിയുടെ വളർച്ചയിൽ ഉത്കണ്ഠ പെടുന്നവരാണ് ഇത്തരം ചർച്ചകൾ ഉണ്ടാക്കുന്നത്. പിരപ്പൻകോട് മുരളി പറഞ്ഞത് ശുദ്ധ നുണയാണ്. പറയാൻ ആണെങ്കിൽ അന്നേ പറയാമായിരുന്നു. ഇപ്പോൾ പറയുന്നതിന് പിന്നിൽ മറ്റു ലക്ഷ്യങ്ങളാണെന്നും ശിവൻകുട്ടി പറഞ്ഞു.

സുരേഷ് കുറുപ്പിന്റെ പരാമര്‍ശത്തില്‍ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു. ആലപ്പുഴ സമ്മേളനത്തിൽ പങ്കെടുത്ത ഒരു പ്രതിനിധിയാണ് ഞാൻ. ഞാൻ എവിടെയും ഇത്തരം പരാമർശം കേട്ടിട്ടില്ല. സ്വരാജിനെ കരിവാരി തേയ്ക്കാനുള്ള ശ്രമമാണ്. ബോധപൂർവമായ പരിശ്രമമാണ് നടക്കുന്നത്. സ്വരാജിന് ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നത് അത്ഭുതകരം. വിഷയത്തിൽ സ്വരാജ് അന്ന് തന്നെ വിശദീകരണം തന്നതാണ്. വിഎസിനെ മാതൃക പുരുഷനായി കണ്ടാണ് സ്വരാജ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നും കടകംപള്ളി പറഞ്ഞു.

വിവാദം ഇപ്പോൾ ഉയർന്നുവരുന്നത് സ്വരാജിനെ കരിവാരിത്തേക്കാനാണ്. കോൺഗ്രസ് ചോദിക്കുമ്പോൾ മിനിറ്റ്സ് കൊടുക്കൽ അല്ല ഞങ്ങളുടെ പണി. വ്യക്തതയെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടി നേരത്തെ വരുത്തിയതാണ്. ഇനി അതിൻറെ ആവശ്യമില്ലെന്നും കടകംപള്ളി പറഞ്ഞു.

വിഎസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന വിവാദ പരാമര്‍ശം ആലപ്പുഴയില്‍ വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിച്ചത് ഒരു 'കൊച്ചു പെണ്‍കുട്ടി'യാണെന്നായിരുന്നു മുന്‍ എംഎല്‍എയും സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ കെ. സുരേഷ് കുറുപ്പിന്റെ പരാമര്‍ശം. മാതൃഭൂമി പത്രത്തിലെ വാരാന്ത്യ പതിപ്പില്‍ വന്ന ലേഖനത്തിലാണ് സുരേഷ് കുറിപ്പ് ഇക്കാര്യം പറഞ്ഞത്. 'അങ്ങനെയൊക്കെയായിരുന്നു എന്റെ വിഎസ്'എന്ന ഓര്‍മക്കുറിപ്പിലായിരുന്നു വെളിപ്പെടുത്തല്‍.

'അദ്ദേഹത്തിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി.എസിന് കാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്നു പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വിഎസ് വേദിവിട്ടു പുറത്തേക്കിറങ്ങി. ഏകനായി. ദുഃഖിതനായി. പക്ഷേ, തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളന സ്ഥലത്ത് നിന്ന് വീട്ടിലേക്ക് പോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ല', എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

SCROLL FOR NEXT