KERALA

"വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കും"; ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണത്തിലെ അപാകതയിൽ ഇടപെട്ട് വി. ശിവൻകുട്ടി

അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരത്തെ ആർഡിഒയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണത്തിലെ അപാകതയിൽ ഇടപെട്ട് മന്ത്രി വി. ശിവൻകുട്ടി. ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആർഡിഒയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷനാണ് ശുചീകരണ ചുമതല. പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ കർശനമായ ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആറ്റുകാൽ പൊങ്കാലയെ സംബന്ധിച്ച് വിവാദങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. സാധാരണഗതിയിൽ വളരെ വേഗത്തിൽ ശുചീകരണം നടക്കാറുണ്ട്. 3000 അധിക ജീവനക്കാരെ ശുചീകരണത്തിനായി എടുത്തതായാണ് മേയർ പറഞ്ഞത്. എന്നാൽ ആളുകൾ വലിയ പരാതി ഉന്നയിക്കുന്നു. മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത് യോഗങ്ങൾ നടത്തിയതാണ്. ആ തീരുമാനങ്ങൾ അട്ടിമറിക്കാൻ ശ്രമം നടന്നോ എന്നും പരിശോധിക്കണം. ഇക്കാര്യങ്ങൾ മനസിലാക്കുന്നതിന് വേണ്ടിയാണ് റിപ്പോർട്ട് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിനാലാണ് മന്ത്രി ഈ വിഷയത്തിൽ ഇടപെട്ടത്. പൊങ്കാല കഴിഞ്ഞതിന് പിന്നാലെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലും ക്ഷേത്ര പരിസരത്തുമുൾപ്പെടെ പേപ്പറും പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമടക്കം കുമിഞ്ഞ് കൂടിയ അവസ്ഥയിലാണ് ഉള്ളത്. കോർപ്പറേഷൻ്റെ ശുചീകരണ പ്രവർത്തനങ്ങൾ ഫലവത്തായില്ല എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ശേഷം ഒറ്റരാത്രികൊണ്ട് നഗരം ശുചീകരിച്ചെന്നും 811 ടണ്‍ മാലിന്യം നീക്കം ചെയ്തെന്നുമായിരുന്നു നഗരസഭയുടെ വാദം. ശുചീകരണത്തില്‍ 3500 തൊഴിലാളികള്‍ പങ്കെടുത്തു. കോര്‍പറേഷന്‍ ജീവനക്കാര്‍, കോര്‍പ്പറേഷൻ്റെ ശുചീകരണ തൊഴിലാളികള്‍, താൽക്കാലി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് ശുചീകരണത്തിന് ഇറങ്ങിയത്. 138 പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും നേതൃത്വം നല്‍കാന്‍ ഉണ്ടായിരുന്നു. 210 ടിപ്പര്‍ ലോറികള്‍ നാല് മണ്ണുമാന്തികളും ശുചീകരണത്തിനായി ഉണ്ടായിരുന്നു എന്നും കോർപ്പറേഷൻ അറിയിച്ചിരുന്നു.

SCROLL FOR NEXT