വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി Source: News Malayalam 24x7
KERALA

ആലത്തിയൂർ സർക്കാർ എയ്ഡഡ് സ്കൂളില്‍ ആർഎസ്എസ് ഗണഗീതം ചൊല്ലിയതില്‍ അന്വേഷണം; ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിലാണ് സ്വാതന്ത്ര്യ ദിനത്തില്‍ ഗണഗീതം പാടിയത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: സർക്കാർ എയ്ഡഡ് സ്കൂളിൽ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ചൊല്ലിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് മന്ത്രി നിർദേശം നല്‍കി. തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിലാണ് സ്വാതന്ത്ര്യ ദിനത്തില്‍ ഗണഗീതം പാടിയത്.

"2025 ഓഗസ്റ്റ് 15ന് കെഎച്ച്എംഎച്ച്എസ് ആലത്തിയൂരിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ഗാന്ധിദർശൻ ക്ലബ്ബിന്റെ കീഴിൽ അവതരിപ്പിച്ച ഗ്രൂപ്പ് സോംഗ് ആർഎസ്എസ് ഗണഗീതം ആയിരുന്നുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മലപ്പുറം വിദ്യാഭ്യാസ ഉപഡയർക്ടർക്ക് നിർദേശം നൽകി," മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കുട്ടികൾ പാടിയതാണെന്നും പാട്ട് പരിശോധിക്കാൻ കഴിഞ്ഞില്ലെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ഗാന്ധി ദർശൻ ക്ലബ്ബിൻ്റെ ചുമതലയുള്ള അധ്യാപകനെ ചുമതലകളിൽ നിന്ന് നീക്കി. മറ്റു നടപടികൾ ഔദ്യോഗിക ആലോചനകൾക്ക് ശേഷം തീരുമാനിക്കുമെന്നും പ്രധാന അധ്യാപിക ബിന്ദു അറിയിച്ചു.

SCROLL FOR NEXT