KERALA

"യുഡിഎഫ് സർക്കാരിന് അപമാനമായ പാഠപുസ്തക വിതരണം"; മുൻ സർക്കാരിനെ വിമർശിക്കുന്ന വി.ഡി. സതീശൻ്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി വിദ്യാഭ്യാസ മന്ത്രിയുടെ ട്രോൾ!

വിദ്യാഭ്യാസ മന്ത്രിയുടെ ഈ ട്രോളിന് വലിയ പ്രതികരണമാണ് സമൂഹമാധ്യമത്തിൽ ലഭിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് അപമാനം ഉണ്ടാക്കിയ പാഠപുസ്തക വിതരണത്തിലെ കാലതാമസത്തെ വിമർശിച്ച്, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ വി.ഡി. സതീശൻ പണ്ട് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് റീ ഷെയർ ചെയ്ത് ട്രോളി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ മന്ത്രിയുടെ ഈ ട്രോളിന് വലിയ പ്രതികരണമാണ് സമൂഹമാധ്യമത്തിൽ ലഭിക്കുന്നത്.

"ഇനി ഇപ്പം പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഷെയർ ചെയ്തില്ല എന്ന് വേണ്ട...!!!" എന്ന അടിക്കുറിപ്പോടെയാണ് ശിവൻകുട്ടി സതീശൻ്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയത്. അതേസമയം, ഈ പോസ്റ്റിന് താഴെ രസകരമായ നിരവധി കമൻ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

ഇനിയും ഇടയ്ക്ക് ഇതുപോലുള്ള ഒരു പ്രതിപക്ഷ ബഹുമാനമുള്ള പോസ്റ്റുകളൊക്കെ ആകാമെന്നാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ ഒരു ട്രോളൻ്റെ കമൻ്റ്. "നിങ്ങള് തമ്മിൽ ഇത്രയും വലിയ അന്തർധാര ഉണ്ടായിരുന്നോ സഖാവേ... ഞങ്ങളോട് ഇത് വേണ്ടായിരുന്നു... എങ്കിലും ആ കാലം.. ഫീലിങ് നൊസ്റ്റാൾജിയ," എന്നാണ് മന്ത്രിയുടെ പോസ്റ്റിനോടുള്ള മറ്റൊരാളുടെ പ്രതികരണം.

"2016ന് ശേഷം പ്രതിപക്ഷ നേതാവിന് ഇങ്ങനെ പോസ്റ്റ്‌ ഇടേണ്ടി വന്നിട്ടില്ല.. കാരണം യഥാ സമയം പാഠപുസ്തകം കൊടുക്കാൻ കഴിയാത്തവരെ ജനങ്ങൾ പ്രതിപക്ഷത്ത് ഇരുത്തി..," എന്ന് മറ്റൊരാൾ ഇതിനടിയിൽ കുറിച്ചു. "സ്‌ക്രീൻ ഷോട്ട് എടുത്തോളിൻ സതീശൻ പോസ്റ്റ് മുക്കും 🤣," എന്നാണ് മറ്റൊരാളുടെ പ്രതികരണം.

2015 ജൂലൈ ഏഴിലെ വി.ഡി. സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം

യു. ഡി. എഫ്. സർക്കാരിന് അപമാനം ഉണ്ടാക്കിയ പാഠപുസ്തക വിതരണത്തിലെ കാലതാമസത്തെ കുറിച്ച് വിപുലമായ അന്വേഷണം നടത്തണം. ഇതിന്റെ കുറ്റം മുഴുവൻ കെ.ബി.പി.എസിന്റെ തലയില്‍ കെട്ടിവച്ച്, സര്‍ക്കാര്‍ ഏജൻസികൾ പാഠപുസ്തക അച്ചടി നടത്താൻ പ്രാപ്തരല്ല എന്ന് വരുത്തിതീര്‍ക്കുവാൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ട്. എല്ലാ വര്‍ഷവും പാഠപുസ്തക അച്ചടിക്കുള്ള സര്‍ക്കാര്‍ ഉത്തരവ് നല്‍കുന്നത് ആഗസ്റ്റ്‌ മാസത്തിലാണ്. ഇതനുസരിച്ച് അവർ സെപ്തംബറില്‍ തന്നെ അച്ചടി തുടങ്ങും. അച്ചടി പൂര്‍യാക്കി അടുത്ത അദ്ധ്യയനവര്‍ഷം ആരംഭിക്കുന്നതിനു ഒരു മാസം മുൻപ് തന്നെ പുസ്തകങ്ങള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെത്തിക്കാൻ കഴിയും. സര്‍ക്കാര്‍ ഉത്തരവിനനുസരിച്ചു ഉടൻ തന്നെ പുസ്തകങ്ങള്‍ അച്ചടിക്കാൻ സര്‍ക്കാര്‍ കൊടുക്കേണ്ട പേപ്പറും നല്കേണ്ടതുണ്ട്.

എന്നാൽ 2015-16 അദ്ധ്യയന വർഷത്തെക്കുള്ള പുസ്തകങ്ങള്‍ക്ക് എന്താണ് സംഭവിച്ചത്. 2014 ആഗസ്റ്റിൽ തീരുമാനമെടുത്തെങ്കിലും അന്തിമ ഉത്തരവ് നല്‍കിയത് 2015 ഫെബ്രുവരി മാസം 10നു ആണ്. എന്നിട്ടും ആദ്യ വോള്യത്തിൽ നല്‍കേണ്ട 2.23 കോടി പാഠപുസ്തകങ്ങളിൽ 1.63 കോടി പാഠപുസ്തകങ്ങൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കഠിനാധ്വാനം ചെയ്ത് കെ.ബി.പി.എസിലെ തൊഴിലാളികള്‍ അച്ചടിച്ചു തീർത്തു. 60 ലക്ഷം പുസ്തകങ്ങളാണ് തീരാതെ പോയത്. 2014 ഡിസംബറിലാണ് പേപ്പര്‍ കൊടുക്കാൻ തീരുമാനിച്ചത്. കൊടുത്തതാകട്ടെ 2015 ഫെബ്രുവരി 9നും. കുറ്റകരമായ ഈ കാലതാമസത്തിന് ഉത്തരവാദികൾ ആരാണ്? അവരുടെ യഥാർത്ഥ ഉദ്ദേശ്യം എന്തായിരുന്നു? ഇത് അനാസ്ഥയാണോ അതോ അഴിമതിയുടെ വാതിൽ തുറന്നതാണോ? ഇതെല്ലാം ഒരു അന്വേഷണത്തിലൂടെ പുറത്തു വരേണ്ടതുണ്ട്. പാഠപുസ്തകങ്ങൾ അച്ചടിക്കാൻ കോടിക്കണക്കിനു രൂപയുടെ പേപ്പര്‍ വേണം. ഇക്കാര്യത്തിൽ സ്ഥിരമായി ടെണ്ടർ ലഭിക്കുന്ന ഒരു കമ്പനി ടെണ്ടറില്‍ നിന്ന് ഇപ്രാവശ്യം പുറത്തു പോയി. അവരിൽ നിന്ന് സ്ഥിരമായി മാസപ്പടി പറ്റിയിരുന്ന ആളുകളും ഇക്കാര്യത്തിൽ കാലതാമസത്തിന് വഴിതെളിച്ചിട്ടുണ്ടോ എന്നതും അന്വേഷണവിധേയമാക്കണം.

ഇത് ഇനി ഒരിക്കലും ആവര്‍ത്തിച്ചുകൂടാ. 2016-17 അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടിക്കുള്ള നടപടിക്രമങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ച് 2016 മാര്‍ച്ച് 31 നു മുൻപ് തന്നെ അടുത്ത അദ്ധ്യയന വർഷത്തെക്കുള്ള അച്ചടി പൂർത്തിയാക്കി പുസ്തകങ്ങൾ വിതരണം ചെയ്യാൻ കെ.ബി.പി.എസിന് കഴിയും. ഇത് വരെ കെ.ബി.പി.എസിന് സ്ഥിരമായി ഒരു എം.ഡി.യെ കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല എന്നത് ലജ്ജാകരമാണ്. ശരാശരി 2.50 രൂപയ്ക്ക് കെ.ബി.പി.എസ്. ഒരു പാഠപുസ്തകം അച്ചടിക്കുമ്പോൾ സ്വകാര്യ പ്രസിൽ ഇത് 17 രൂപയാണെന്നത് അഴിമതിക്കുള്ള സാധ്യത കൂട്ടുന്നു. ഈ പ്രതിസന്ധികൾക്കിടയിലും അവസരത്തിനൊത്തുയര്‍ന്നു ഊണും ഉറക്കവും ഉപേക്ഷിച്ചു അത്യദ്ധ്വാനം ചെയ്ത് പാഠപുസ്തകത്തിന്റെ അച്ചടി പൂർത്തിയാക്കുന്ന കെ.ബി.പി.എസിലെ തൊഴിലാളികളെ കുറിച്ച് അവിടുത്തെ തൊഴിലാളി യൂണിയൻ പ്രസിഡന്റായ എനിക്ക് അഭിമാനമുണ്ട്.

SCROLL FOR NEXT