ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് 
KERALA

രാഹുലിന് സയനൈഡ് മോഹന് സമാനമായ മനസ്, ഈ സ്ഥിരം കുറ്റവാളിയെ ചേർത്തുനിർത്തി പ്രോത്സാഹിപ്പിക്കുന്നത് കോൺഗ്രസ് നേതൃത്വം: വി. വസീഫ്

രാഹുലിൻ്റെ അതിക്രമങ്ങൾക്ക് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കൾ കൂട്ടുനിന്നെന്നും വി. വസീഫ്

Author : പ്രണീത എന്‍.ഇ

കൊച്ചി: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ. സ്ഥിരം കുറ്റവാളിയായ രാഹുൽ മാങ്കൂട്ടത്തിലിനെ ചേർത്തുനിർത്തി പ്രോത്സാഹിപ്പിക്കുന്നത് കോൺഗ്രസ് നേതൃത്വമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി. വസീഫ് ആരോപിച്ചു. അതിക്രമങ്ങൾക്ക് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കൾ കൂട്ടുനിന്നു. രാഹുൽ മാങ്കൂട്ടത്തിലിൻ്റേത് സയനൈഡ് മോഹന് സമാനമായ മനസെന്നും വി. വസീഫ് ഹലോ മലയാളം ലീഡേഴ്സ് മോണിങ്ങിൽ പറയുന്നു.

സ്വതന്ത്രനായി മത്സരിച്ചു ജയിക്കും എന്ന ആത്മവിശ്വാസമാണ് രാഹുലിന്. കോൺഗ്രസ് നേതാക്കൾ ഒപ്പമുള്ളതാണ് ഈ ആത്മവിശ്വാസത്തിന് കാരണമെന്ന് വി. വസീഫ് പറയുന്നു. രാഹുൽ മാങ്കൂട്ടത്തിൽ കാലങ്ങളായി തുടങ്ങിയ ഏർപ്പാടാണിത്. ഇതിന് രാഹുലിനെ പ്രോത്സാഹിപ്പിക്കുന്നത് കോൺഗ്രസ് നേതാക്കളാണ്. രാഹുൽ ചെയ്യുന്നത് എല്ലാം ഷാഫി പറമ്പിലിന് അറിയാമായിരുന്നെന്നും കോൺഗ്രസ് നടപടി എടുത്തത് നിൽക്കക്കള്ളി ഇല്ലാതെയാണെന്നും വി. വസീഫ് ആരോപിച്ചു.

"ഗത്യന്തരമില്ലാതെയാണ് കോൺഗ്രസ് നടപടിയെടുത്തത്. വി.കെ. ശ്രീകണ്ഠൻ വരെ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചു. രാഹുലിന് ധൈര്യം പകരുന്നത് കോൺഗ്രസ് നേതൃത്വമാണ്. ഭൂരിഭാഗം നേതാക്കളും രാഹുലിനെ പിന്തുണയ്ക്കുന്നവർ. നടപടിയെടുത്തത് കേരളത്തിലെ ജനങ്ങളെല്ലാം കാര്യങ്ങൾ മനസിലാക്കിയപ്പോഴാണ്. മറ്റ് പല നേതാക്കളേയും ബ്ലാക്ക്‌മൈൽ ചെയ്യാൻ തക്ക തെളിവുകൾ രാഹുലിൻ്റെ കയ്യിൽ ഉണ്ടെന്നാണ് സൂചന.കോൺഗ്രസിന്റെ ബഹുഭൂരിഭാഗം ആളുകളും ഈ നിമിഷവും രാഹുലിനൊപ്പമാണ്," വി. വസീഫ് പറയുന്നു.

ഇതൊക്കെ കേൾക്കുമ്പോൾ സയനൈഡ് മോഹന് സമാനമായ പ്രവർത്തിയാണ് രാഹുലിന്റേതെന്ന് തോന്നുന്നുണ്ടെന്ന് വി. വസീഫ് പറയുന്നു. വലിയ അപകടകരമായ അക്രമങ്ങൾ നടത്തിയ ഒരാളെ ചേർത്ത് പിടിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. വയനാട് ദുരന്തത്തിലെ പുനരധിവാസ പ്രവർത്തനത്തെ വരെ ഉപയോഗപ്പെടുത്തി. ചൂരൽ മലയിലെ പാവപ്പെട്ടവരുടെ കണ്ണീര് പോലും സുവർണാവസരമാക്കി ഉപയോഗപ്പെടുത്തി. കേരളത്തിലെ കോൺഗ്രസ് ഗൂഢസംഘങ്ങളുടെ കൂട്ടായ്മ. രാഹുലിന്റെ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തില്ലെങ്കിലും, കോൺഗ്രസിന്റെ ഈ രീതിയെ, സംസ്കാരത്തെ തുറന്ന് കാണിക്കാൻ ഡിവൈഎഫ്ഐ ശ്രമിക്കുമെന്ന് വി. വസീഫ് വ്യക്തമാക്കി.

SCROLL FOR NEXT