Source: Files
KERALA

ഒഴിവുണ്ട് ഒരുപാട്... പകർച്ചവ്യാധികളുടെ കാലത്ത് പ്രതിസന്ധിയായി ആരോഗ്യവകുപ്പിലെ ഒഴിവുകൾ

പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകേണ്ട ഫീൽഡ് വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധിയാവുകയാണ്...

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും മലബാറിലെ നാല് ജില്ലകളിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരില്ല. പകരം ചുമതലക്കാരാണ് നാലിടത്തും. പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകേണ്ട ഫീൽഡ് വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധിയാവുകയാണ്.

നിപയും ഷിഗല്ലയും ഡെങ്കിയും പനിയുമടക്കം പകർച്ച വ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ് സംസ്ഥാനത്ത്. മഴക്കാലത്തിന്റെ വെല്ലുവിളികൾ വേറെയും. എന്നാൽ ഈ സമയത്ത് ആരോഗ്യ വകുപ്പിൽ താഴെകിടയിൽ പ്രവർത്തിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മതിയായ ആളില്ലാത്ത അവസ്ഥയാണ്. ജില്ലാതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ തസ്തിക കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒഴിഞ്ഞു കിടക്കുകയാണ്. പകരം ചുമതലയുള്ള ഉദ്യോഗസ്ഥരാണ് ഈ ജില്ലകളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ബ്ലോക്ക് തലത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ഹെൽത്ത് സൂപ്പർവൈസർമാരുടെ 38 ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. മെയ് മാസം റിട്ടയർ ചെയ്ത ഉദ്യോഗസ്ഥർക്ക് പകരം നിയമനം നടത്തിയാലേ ഈ ഒഴിവുകൾ നികത്താനാവൂ.

ജൂനിയർ ഹെൽത്ത് ഇൻസ്ക്ടർമാരുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും 100ഓളം ഒഴിവുകളും നിലവിലുണ്ട്. ജീവനക്കാർക്ക് അർഹമായ പ്രമോഷൻ നൽകാത്തതും പ്രതിസന്ധിക്ക് കാരണമാകുന്നതായി ആക്ഷേപമുണ്ട്. നിലവിലുള്ള ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടാനും ജീവനക്കാരുടെ എണ്ണക്കുറവ് കാരണമാകുന്നുണ്ട്. മഴക്കാല രോഗ പ്രതിരോധമെന്ന വലിയ ദൗത്യം നിർവ്വഹിക്കേണ്ട സമയത്ത് അടിയന്തരമായി ഒഴിവുകൾ നികത്തണമെന്ന ആവശ്യം ശക്തമാണ്.

SCROLL FOR NEXT