പത്തനംതിട്ട: ശബരിമലയിലെ വാജി വാഹന കൈമാറ്റത്തിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി ദേവസ്വം ബോർഡ് ഉത്തരവ്. ക്ഷേത്രവസ്തുക്കൾ ദേവസ്വം സ്വത്തായി സൂക്ഷിക്കണമെന്ന ചട്ടംലംഘിച്ചാണ് തന്ത്രിക്ക് വാജി വാഹനം കൈമാറിയത്. വാജി വാഹനം കൈമാറിയത് യുഡിഎഫ് നിയമിച്ച ബോർഡാണ്. ഇതോടെ യുഡിഎഫും പ്രതിരോധത്തിലായിരിക്കുകയാണ്.
2012ലെ ഉത്തരവിലാണ് ക്ഷേത്രവസ്തുക്കൾ ദേവസ്വം സ്വത്തായി സൂക്ഷിക്കണമെന്ന ചട്ടമുള്ളത്. ഇതിൽ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയവ സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കള്‍ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോർഡ് തീരുമാനം. ഈ ഉത്തരവ് നിലനിൽക്കേയാണ് പ്രയാർ ഗോപാലകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള ബോർഡ് വാജി വാഹനം തന്ത്രിക്ക് നൽകിയത്. 2017ലാണ് വാജിവാഹനം തന്ത്രിക്ക് കൈമാറിയത്.
കഴിഞ്ഞ ദിവസമാണ്, തന്ത്രിയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത വാജി വാഹനം കോടതിയിൽ ഹാജരാക്കിയത്. കൊല്ലത്തെ കോടതിയിലാണ് എസ്ഐടി വാജി വാഹനം ഹാജരാക്കിയത്. വാജിവാഹനം വീട്ടിലുണ്ടെന്ന് തന്ത്രി ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തന്ത്രിയുടെ വീട്ടിലെത്തിയ അന്വേഷണസംഘം വാജി വാഹനം കണ്ടെടുത്ത് കോടതിയിൽ ഹാജരാക്കിയത്.