തിരുവനന്തപുരം: എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരം അടിച്ചമർത്താൻ നിരവധി നീക്കങ്ങൾ നടക്കുന്നതായി സമരസമിതി കൺവീനർ വളർമതി. ഇന്നലെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ക്രൂരമായ നടപടിയാണെന്നും ആറ് ദിവസം നിരാഹാര സമരം കിടന്ന തന്നെ പോലീസ് വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്നും വളർമതി മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യനില തൃപ്തികരമായിരിക്കെയാണ് പോലീസ് നടപടിയുണ്ടായതെന്നും ഉദ്യോഗാർത്ഥികളെ ബലംപ്രയോഗിച്ചാണ് തള്ളിനീക്കിയെന്നും ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വളർമതി കരയുകയുമുണ്ടായി.
ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും വളർമതി വ്യക്തമാക്കി. നാല് ആവശ്യങ്ങൾ അംഗീകരിച്ചെന്ന സർക്കാർ വാദം തെറ്റാണെന്നും അതിന്റെ രേഖകൾ പോലും പുറത്തുവിട്ടിട്ടില്ലെന്നും വളർമതി പറഞ്ഞു. അഞ്ചിന ആവശ്യങ്ങളും ഉത്തരവായി പുറത്തിറക്കുന്നതുവരെ സമരം തുടരും. 45 ദിവസം പഠനം നടത്തണമെന്ന നിർദേശം സമരത്തെ തകർക്കാനാണെന്നും പഠനം നടത്തിയതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും വളർമതി കൂട്ടിച്ചേർത്തു. എയ്ഡഡ് സ്കൂളുകൾക്ക് എന്ത് വേണമെങ്കിലും സർക്കാർ ചെയ്ത് കൊടുക്കുമെന്നും വളർമതി പറഞ്ഞു, അവർക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കുമ്പോൾ സാധാരണക്കാർക്ക് നീതി ലഭിക്കുന്നില്ലെന്നും മാധ്യമങ്ങളെ കാണവേ വളർമതി പറഞ്ഞു.
സർക്കാരിനെതിരെ കൂടുതൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സമരസമിതി. നാളെ എല്ലാ യുവജനങ്ങളും അണിനിരക്കുന്ന പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വളർമതി അറിയിച്ചു. അധികാരത്തിന്റെ ധാർഷ്ട്യത്തിന് ജനങ്ങൾ മറുപടി നൽകുന്ന കാലം വരുമെന്നും നീതിപൂർവമായ ആവശ്യങ്ങൾ മാത്രമാണ് ഉന്നയിക്കുന്നതെന്നും അവർ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ വിട്ടുവീഴ്ചയില്ലാതെ സമരം തുടരുമെന്നും വളർമതി വ്യക്തമാക്കി.