

തിരുവനന്തപുരം: പരീക്ഷ ക്രമക്കേടിൽ പിഎസ്‌സി ചെയർമാനെതിരെ വീണ്ടും മുഖ്യമന്ത്രിക്ക് പരാതി. ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്മെൻ്റിൽ മുൻ എസ്എഫ്ഐ നേതാവ് കെ.ജെ. ജിതിനെ അനധികൃതമായി തിരുകിക്കയറ്റിയെന്നാണ് പരാതി. സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽ പോലും ഇല്ലാത്തയാൾക്ക് ഡിവൈഎസ്പി നിയമനത്തിൽ ഒന്നാം റാങ്ക് നൽകിയെന്നാണ് ആക്ഷേപം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുള്ളത്.
നിരവധി കേസുകളിൽ പ്രതിയായ കെ.ജെ. ജിതിന്‍റെ നിയമനം തടയണമെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നത്. നിലവിലെ പിഎസ്‌സി അംഗങ്ങളും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ചെയര്‍മാന്‍ പരീക്ഷ അട്ടിമറിച്ചെന്നായിരുന്നു അംഗങ്ങളുടെ പരാതി. 1983-ന് ശേഷം ആദ്യമായി നടക്കുന്ന ഡിവൈഎസ്പി നേരിട്ടുള്ള നിയമനത്തിലാണ് ക്രമക്കേട് ആരോപണം ഉണ്ടായിട്ടുളളത്.
അതേസമയം പരീക്ഷാ ക്രമക്കേടിൽ എസ്ഐടി അന്വേഷണം പിഎസ്‌സി മുൻ ചെയർമാൻ എം.കെ. സക്കീറിലേക്കും നീളും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സക്കീറിന് എസ്ഐടി നോട്ടീസ് നൽകും. ആദ്യ കെഎഎസ് പരീക്ഷയിലടക്കം സിപിഐഎമ്മിനായി സക്കീർ വഴിവിട്ട് ഇടപെട്ടിട്ടുണ്ടെന്നാണ് അംഗങ്ങളുടെ മൊഴി. ക്രൈം ബ്രാഞ്ച് കേസെടുത്ത ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ റാങ്ക് ലിസ്റ്റിലേക്കുള്ള പരീക്ഷയും, ഖാദി ബോർഡിലെ പരീക്ഷയും നടന്നത് സക്കീറിന്റെ കാലത്താണ്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കമ്മീഷനിൽ ഭിന്നതയുണ്ടെന്ന് എസ്ഐടിയുടെ ചോദ്യം ചെയ്യലിൽ പിഎസ്‌സി സെക്രട്ടറി സാജു ജോർജ് സ്ഥിരീകരിച്ചിട്ടുണ്ട്.