KERALA

ഉഷയുടെ ശസ്ത്രക്രിയ അമൃത ആശുപത്രിയിൽ പൂര്‍ത്തിയായി; വയറിനകത്ത് നിന്ന് കത്രിക പുറത്തെടുത്ത് ഡോക്ടർമാരുടെ സംഘം

പുറത്തെടുത്ത ശസ്ത്രക്രിയ ഉപകരണം അമ്പലപ്പുഴ പൊലീസിന് കൈമാറി

Author : ശാലിനി രഘുനന്ദനൻ

കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടർന്ന് ഉഷ ജോസഫിന്റെ വയറ്റിൽ കുടുങ്ങിയ ശസ്ത്രക്രിയ ഉപകരണം കൊച്ചി അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ പുറത്തെടുത്തു. ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പുറത്തെടുത്ത ശസ്ത്രക്രിയ ഉപകരണം അമ്പലപ്പുഴ പൊലീസിന് കൈമാറി.

ശസ്ത്രക്രിയയ്ക്ക് അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ഒ.വി സുധീർ, യൂറോളജി വിഭാഗം മേധാവി ഡോ. കെ. വി സഞ്ജീവൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി. കെ എന്നിവർ നേതൃത്വം നൽകി. കേരള സർക്കാർ നിർദ്ദേശിച്ച എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, സർജറി വിഭാഗം മേധാവി ഡോ. അബ്ദുൾ സിയാദ് എ. കെ എന്നിവരും ശസ്ത്രക്രിയയിൽ ഉടനീളം സന്നിഹിതരായിരുന്നു.

വണ്ടാനം മെഡിക്കൽ കോളജിലേതടക്കം ചികിത്സാ പിഴവുകളിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് ഇരച്ചുകയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാതിലിൽ റീത്ത് വച്ചു. പൊലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും ഉടൻ കേരളത്തിലെ ജനങ്ങൾ റീത്ത് വെക്കുമെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് പുന്നപ്ര സ്വദേശി ഉഷാ ജോസഫ് വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അഞ്ച് വർഷം മുൻപ് നടന്ന ശസ്ത്രക്രിയയിൽ വയറ്റിൽ കത്രിക മറന്നുവച്ചെന്നായിരുന്നു വെളിപ്പെടുത്തൽ. ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വയറു വേദന അനുഭവപ്പെട്ടു. എന്നാൽ മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ഡോക്ടർ മടക്കി അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എംആർഐ സ്കാൻ എടുത്ത് നോക്കിയപ്പോഴാണ് കത്രിക വയറിനുള്ളിൽ ഉണ്ടെന്ന് മനസിലായതെന്നുമാണ് ഉഷാ ജോസഫ് വെളിപ്പെടുത്തിയത്.

ചികിത്സാ പിഴവ് സമ്മതിച്ച് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചിരുന്നു. കോവിഡ് സമയത്തെ ശസ്ത്രക്രിയയിൽ പരിമിതികൾ ഉണ്ടായിരുന്നെന്നാണ് സൂപ്രണ്ടിൻ്റെ വാദം. നിലവിൽ സർവീസിലുള്ള ഡോക്ടർ ഷാഹിദയാണ് ശസ്ത്രക്രിയ നടത്തിയതെന്നു അധികൃതർ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി എടുക്കുമെന്നും, സർക്കാർ കുടുംബത്തിനൊപ്പം ആണെന്നും ആരോഗ്യ വീണ ജോർജ് പറഞ്ഞിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയേയും സംഭവസമയത്ത് ഉണ്ടായിരുന്ന നഴ്സ് പി.എസ്. ധന്യയെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

SCROLL FOR NEXT