KERALA

ചൊവ്വന്നൂര്‍ പഞ്ചായത്തിലെ എസ്‍ഡിപിഐ പിന്തുണയില്‍ വീണ്ടും നടപടി; വര്‍ഗീസ് ചൊവ്വന്നൂരിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

കോൺഗ്രസ് നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച പാർട്ടിയെ പ്രതിസന്ധിയിൽ ആക്കി എന്ന് ആരോപിച്ചാണ് നടപടി

Author : ലിൻ്റു ഗീത

തൃശൂർ: ചൊവ്വന്നൂർ പഞ്ചായത്തിലെ എസ്ഡിപിഐ പിന്തുണയിൽ വീണ്ടും നടപടി. ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വർഗീസ് ചൊവ്വന്നൂരിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കോൺഗ്രസ് നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച പാർട്ടിയെ പ്രതിസന്ധിയിൽ ആക്കി എന്ന് ആരോപിച്ചാണ് നടപടി.

സംഭവത്തിൽ കഴിഞ്ഞദിവസം വർഗീസ് ചൊവ്വന്നൂരിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റാണ് നോട്ടീസ് നൽകിയത്. രണ്ട് ദിവസത്തിനകം മറുപടി നൽകണമെന്നായിരുന്നു നിർദേശം. എസ്ഡിപിഐയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസ് ചൊവ്വന്നൂർ പഞ്ചായത്തിൽ അധികാരത്തിലെത്തിയിരുന്നു.

ഈ സംഭവത്തിലാണ് ഡിസിസി നേതൃത്വം ഡിസിസി അംഗത്തിനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മറുപടി തൃപ്തികരമല്ലെങ്കിൽ വർഗീസിനെതിരെയും നടപടി സ്വീകരിക്കുമെന്നും ജോസഫ് ടാജറ്റ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വർഗീസ് ചൊവ്വന്നൂരിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

എസ്ഡിപിഐ പിന്തുണയോടെ കോൺഗ്രസ് അധികാരത്തിൽ എത്തിയതിന് പിന്നാലെ പ്രസിഡൻ്റായ നിതീഷിനോടും വൈസ് പ്രസിഡൻ്റായും തെരഞ്ഞെടുക്കപ്പെട്ട സെബേറ്റ വർഗീസിനോടും രാജി വെക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും വഴങ്ങിയില്ല. ശേഷം ഇരുവരെയും പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു.

SCROLL FOR NEXT