കൊച്ചി: സോണിയാ ഗാന്ധി-പോറ്റി ഫോട്ടോ വിവാദത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഉണ്ണികൃഷ്ണൻ പോറ്റിക്ക് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ചിത്രം എടുക്കാമെങ്കിൽ സോണിയാ ഗാന്ധിക്കൊപ്പവും ചിത്രമെടുക്കാമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി ഉന്നയിച്ചത് വിലകുറഞ്ഞ ആരോപണമാണെന്നും വി.ഡി. സതീശൻ ആരോപിച്ചു.
ശബരിമല സ്വർണക്കൊള്ളയിൽ സിപിഐഎം നേതാക്കൾ ജയിലിലാണെന്ന കാര്യം മറച്ചുവെക്കാനാണ് ഇത്തരമൊരു ആരോപണമെന്നാണ് വി.ഡി. സതീശൻ്റെ പക്ഷം. മുഖ്യമന്ത്രിയായതിന് ശേഷം നടത്തിയ ഏറ്റവും മോശം പത്രസമ്മേളനത്തിലാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത്. പോറ്റിക്കൊപ്പം ഫോട്ടോ ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രി പ്രതിയാണെന്ന് കോൺഗ്രസ് ആരോപിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എയർപോട്ടിലും, റെയിൽ വേ സ്റ്റേഷനിലും ഉൾപ്പെടെ പലരും വന്ന് ചിത്രങ്ങളെടുക്കാറുണ്ട്. അവർ പിന്നീട് പ്രതികളായാൽ തന്നെയും കുറ്റപ്പെടുത്തുമോ എന്നാണ് വി.ഡി. സതീശൻ്റെ ചോദ്യം. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം ഉയർന്നപ്പോൾ, താനാണ് സംരക്ഷിച്ചതെന്ന് വി.ഡി. സതീശൻ പറയുന്നു. അന്ന് വ്ലോഗറെന്ന് കരുതി കൊണ്ടുവന്നയാൾ, പിന്നീട് സ്പൈ ആണെന്ന് തിരിച്ചറിയുകയായിരുന്നു. അതിൽ റിയാസിനെ പഴിചാരേണ്ടെന്ന് പറഞ്ഞത് താനാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭയം കൊണ്ടാണ് സിപിഐഎം നേതാക്കളെ പാർട്ടി സംരക്ഷിക്കുന്നതെന്നും, കൂടുതൽ വിവരങ്ങൾ പുറത്തുവന്നാൽ പലരും കുടുങ്ങുമെന്നും വി.ഡി. സതീശൻ ആരോപിച്ചു.