Source: News Malayalam 24x7
KERALA

ആർഎസ്എസ് ശതാബ്ദിക്ക് നാണയം പുറത്തിറക്കിയത് രാജ്യത്തിന് അപമാനം, സ്വാതന്ത്ര്യസമര ചരിത്രത്തിന് വരെ നാണക്കേട്: വി.ഡി. സതീശൻ

"ചരിത്രം തിരുത്താനുള്ള നിലപാട് ജനം തിരിച്ചറിയും"

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദിക്ക് പ്രത്യേക സ്റ്റാംമ്പും നാണയവും പുറത്തിറക്കിയത് രാജ്യത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വാതന്ത്ര്യസമര ചരിത്രത്തിന് വരെ നാണക്കേടാണ്. ചരിത്രം തിരുത്താനുള്ള നിലപാട് ജനം തിരിച്ചറിയും. ഇന്ത്യൻ ജനത ഇത് അംഗീകരിക്കില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയനും ആർഎസ്എസ് ശതാബ്ദിക്ക് പ്രത്യേക സ്റ്റാംമ്പും നാണയവും പുറത്തിറക്കിയതിനെതിരെ പ്രതികരിച്ചിരുന്നു. ആർഎസ്എസിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും നാണയവും ഇറക്കിയ കേന്ദ്ര സർക്കാർ തീരുമാനം ഭരണഘടനയെ അവഹേളിക്കുന്നതാണ്. ഗാന്ധി സ്മൃതി പോലും സംഘപരിവാർ ഭയപ്പെടുന്നതിൻ്റെ തെളിവാണ് തലേദിവസം ഉണ്ടായ ഈ നടപടിയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

സവർക്കറെ സ്വാതന്ത്ര്യ സമരത്തിലെ പ്രതീകമായി അവരോധിക്കാൻ ശ്രമിക്കുന്നവർക്ക് കേന്ദ്ര സർക്കാർ തലത്തിൽ നൽകിയ മറ്റൊരു അംഗീകാരം. ഇത്തരം നീക്കങ്ങൾ മതനിരപേക്ഷ സമൂഹം തുറന്നുകാട്ടണം. ആർഎസ്എസിന്റെ രാഷ്ട്രീയം, ഗാന്ധിയുടെ രാഷ്ട്രീയത്തിൻ്റെ നേർവിപരീതമാണ്. ഭിന്നിപ്പുണ്ടാക്കുന്നവർക്ക് എതിരെയുള്ള ചെറുത്തുനിൽപ്പുകൾക്ക് ഗാന്ധിയുടെ സ്മരണ ഊർജം പകരട്ടെയെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

ആർഎസ്എസിൻ്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചാണ് കേന്ദ്ര സർക്കാർ പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കിയത്. നാണയത്തിൽ ഭാരതാംബയുടെ ചിത്രവും സ്റ്റാമ്പിൽ ആർഎസ്എസ് പരേഡിൻ്റെ ചിത്രവുമാണ് ഉൾപ്പെടുത്തിയിരുന്നത്. സ്വാതന്ത്ര്യാനന്തരം ആദ്യമായാണ് ഭാരതാംബയുടെ ചിത്രം നാണയത്തിൽ ആലേഖനം ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാണയവും സ്റ്റാമ്പും പുറത്തിറക്കിയത്.

SCROLL FOR NEXT