KERALA

"ശബരിമലയിലെ സ്വർണം കട്ടത് ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം, അത് ജനങ്ങളോട് പറയണം"; വിശ്വാസ സംഗമത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് വി.ഡി. സതീശൻ

യുഡിഎഫ് അധികാരത്തിൽ എത്തിയാൽ നാമജപഘോഷയാത്ര കേസുകൾ പിൻവലിക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 2019 മുതൽ ശബരിമലയിലെ മോഷണം അറിഞ്ഞിട്ടും സർക്കാർ മറച്ചുവച്ചു. ആരാണ് സ്വർണം കട്ടത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയാം. മുഖ്യമന്ത്രി അത് ജനങ്ങളോട് പറയണമെന്നും വി.ഡി. സതീശൻ പറഞ്ഞു. യുഡിഎഫ് സംഘടിപ്പിക്കുന്ന വിശ്വാസ സംഗമത്തിലെ ഉദ്ഘാടന പ്രസംഗത്തിലാണ് പ്രതിപക്ഷ നേതാവിൻ്റെ വിമർശനം.

"ഒറിജിനൽ ദ്വാരപാലക ശിൽപ്പം വലിയ തുകയ്ക്ക് വിറ്റു. ഏത് കോടീശ്വരനാണ് വിറ്റതെന്ന് കോടതി ചോദിച്ചു. 2019ൽ പൂശിയ സ്വർണം വീണ്ടും ആറ് കൊല്ലത്തിന് ശേഷം എന്തിന് വീണ്ടും സ്വർണം പൂശാൻ ശ്രമിച്ചു? ശബരിമലയിൽ വച്ച് സ്വർണം പൂശിയാൽ പോര പോറ്റിക്ക് കൊടുത്ത് വിടണം എന്ന് കത്ത് കൊടുത്തത് പി.എസ്. പ്രശാന്ത്. കുറച്ചെ കിട്ടിയുള്ളൂ എന്നാണ് പോറ്റി പറഞ്ഞത്. ആരാണ് സ്വർണം കട്ടത് എന്ന് മുഖ്യമന്ത്രിക്ക് അറിയാം", വി.ഡി. സതീശൻ.

ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പറയട്ടെ. കടകംപള്ളി തിരുവനന്തപുരത്ത് വീട് വെച്ചത് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സഹായത്തോടെയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ നാമജപഘോഷയാത്ര കേസുകൾ പിൻവലിക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു. നൂറിൽ അധികം സീറ്റുകളിൽ യുഡിഎഫ് ജയിച്ച് വരുമെന്നും വി.ഡി. സതീശൻ വിശ്വാസ സംഗമത്തിൽ പറഞ്ഞു.

SCROLL FOR NEXT