തിരുവനന്തപുരം: ഒരു വിഭാഗം ജനതയെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുമ്പോൾ ഭിന്നിപ്പുണ്ടാക്കി അധികാരം പിടിക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അതിനെതിരെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ കേരളയാത്രാ വേദിയിലായിരുന്നു വി.ഡി. സതീശൻ്റെ പരാമർശം.
മതേതരത്വം പറയാനും പ്രസംഗിക്കാനും എളുപ്പമാണ്. ഒരു വശത്ത് മതേതരത്വം പറഞ്ഞ് മറുവശത്ത് വിദ്വേഷം പറയുന്നവരെ പൊന്നാട ഇട്ട് സ്വീകരിക്കരുത്. കാറിൽ കയറ്റിയാൽ പ്രശ്നമില്ല. പക്ഷേ ഇരട്ടത്താപ്പ് പാടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. വെള്ളാപ്പള്ളിയെ പിന്തുണച്ച മുഖ്യമന്ത്രിയുടെ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു സതീശൻ്റെ പരാമർശം. തെരഞ്ഞെടുപ്പിൽ തോറ്റാൽ പോട്ടെ എന്ന് വെക്കണമെന്നും എന്നാൽ പറയുന്ന കാര്യങ്ങളിൽ കാപട്യം പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിൽ വർഗീയ കലാപങ്ങൾ ഇല്ലാത്തത് എല്ലാവരുടെയും കൂട്ടായ പ്രയത്നം കൊണ്ടാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. അധികാരത്തിന് വേണ്ടി വർഗീയതയെ താലോലിക്കുന്നവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെയും പ്രതികരണം. ഓരോ കാലത്തും ഓരോ വർഗീയതയെയാണ് താലോലിക്കുന്നത്. കേരളത്തിലും ഭരണകൂടം വർഗീയതയെ താലോലിക്കുന്നുണ്ട്. ഇത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.