മുഖ്യമന്ത്രി വി.ഡി. സതീശന്‍ News Malayalam 24X7
KERALA

വാഗ്‌ദാനങ്ങള്‍ക്ക് എന്താണ് ഗ്യാരന്റി? കിഫ്ബിക്ക് പകരം എന്ത്? വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ

സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം വാഗ്‌ദാനങ്ങള്‍ നടപ്പാക്കാനുള്ള പണം കണ്ടെത്തുക എന്നതാകും പ്രധാന വെല്ലുവിളി

Author : എസ്. ഷാനവാസ്

വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് ധവള പത്രം പുറത്തിറക്കിയതിനു പിന്നാലെയാണ് ബജറ്റ്. അതിനാൽ, സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം, തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങള്‍ നടപ്പാക്കാനുള്ള പണം കണ്ടെത്തുക എന്നതാണ് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ ബജറ്റും ധനവിനിയോഗ ബില്ലും മുൻ സർക്കാരിന്റെ കാലത്ത് നിയമസഭ പാസാക്കിയതിനാൽ, പുതിയ സർക്കാർ അവതരിപ്പിക്കുന്നത് അതിന്മേലുള്ള ഭേദഗതി ബജറ്റായിരിക്കും. ആര്‍. ശങ്കറിനും, ഉമ്മന്‍ ചാണ്ടിക്കും ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിയാകും വി.ഡി. സതീശന്‍.

ഗ്യാരന്റിക്ക് വേണം പണം

യുഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്ന 'ഇന്ദിരാ ഗ്യാരന്റി' ഉൾപ്പെടെ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ എങ്ങനെ പ്രതിഫലിക്കുമെന്നതാണ് പൊതുജനങ്ങൾ ഉറ്റുനോക്കുന്നത്. ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിലുപരി, അവ നടപ്പാക്കാൻ ആവശ്യമായ ധനസമാഹരണം ഉറപ്പാക്കുകയാകും സർക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ നികുതി, നികുതിയിതര വരുമാന മാർഗങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. അതിനാല്‍, വരുമാന വർധന ലക്ഷ്യമിട്ടുള്ള നടപടികൾ ബജറ്റിൽ ഉൾപ്പെടുമെന്നാണ് സൂചന.

ഇന്ധന സെസ് പിൻവലിക്കുമോ?

സാധാരണയായി ഇന്ധനം, മദ്യം, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട നികുതികളിലൂടെയാണ് സംസ്ഥാനങ്ങൾ അധിക വരുമാനം കണ്ടെത്തുന്നത്. എന്നാൽ, ഇന്ധനവില ഉയർന്നു നില്‍ക്കുന്ന സാഹചര്യത്തിൽ നികുതി വർധനയ്ക്ക് സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. മറിച്ച്, നിലവിലുള്ള ഇന്ധന സെസ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ബജറ്റിൽ ഉൾപ്പെടുമോയെന്നതും പ്രധാനമാണ്. കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതങ്ങളും കുടിശ്ശികകളും നേടിയെടുക്കുന്നതു സംബന്ധിച്ച നിലപാടും നയങ്ങളും ബജറ്റിൽ പ്രതിഫലിച്ചേക്കും.

സൗജന്യ ബസ് യാത്രയുടെ ബാധ്യത

സ്ത്രീകൾക്കായുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി ഉൾപ്പെടെ ക്ഷേമപദ്ധതികൾ മൂലമുള്ള അധിക ചെലവും, ഇന്ധന സെസ് ഒഴിവാക്കിയാല്‍ വരുമാനത്തിൽ ഉണ്ടാകാവുന്ന കുറവും സംസ്ഥാന ഖജനാവിന് മേൽ സമ്മർദം സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിൽ ക്ഷേമപദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും ആവശ്യമായ ധനസ്രോതസുകൾ എങ്ങനെ കണ്ടെത്തുമെന്നതാണ് ബജറ്റിലെ പ്രധാന ചോദ്യങ്ങളിലൊന്ന്. സംരംഭകത്വം, സ്റ്റാർട്ടപ്പ്, ഐടി, ടൂറിസം, വ്യവസായം, സേവന മേഖലകൾ എന്നിവയിൽ പുതിയ പദ്ധതികളും പ്രോത്സാഹന നടപടികളും ഉണ്ടാകുമോയെന്നാണ് യുവാക്കൾ ഉറ്റുനോക്കുന്നത്.

കിഫ്ബി പുനഃസംഘടന

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) സംബന്ധിച്ച പുനഃസംഘടനാ പ്രഖ്യാപനങ്ങളും ബജറ്റിൽ ഇടംപിടിച്ചേക്കും. ബജറ്റിന് പുറത്തുനിന്നുള്ള വികസന ധനസമാഹരണത്തിനായി രൂപീകരിക്കപ്പെട്ട കിഫ്ബിയുടെ വായ്പകൾ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ പൊതുകടപരിധിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ, വായ്പ തിരിച്ചടവിന്റെ ബാധ്യത സംസ്ഥാന സർക്കാരാണ് വഹിക്കേണ്ടത്. കിഫ്ബിക്ക് സ്വതന്ത്രമായ വരുമാന സ്രോതസുകൾ പരിമിതമായതിനാൽ, കൂടുതൽ സാമ്പത്തിക ഉത്തരവാദിത്വവും ധനവകുപ്പിന്റെ നിയന്ത്രണവും ഉറപ്പാക്കുന്ന രീതിയിലാകും പുനഃസംഘടന.

അധികാരമേറ്റതിനു പിന്നാലെ സംസ്ഥാന ധനസ്ഥിതി പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശങ്ങളും ബജറ്റ് രൂപീകരണത്തിൽ പരിഗണിച്ചിട്ടുണ്ടെന്നാണ് സൂചന. സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപ ആകർഷണം, തൊഴിൽ അവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിവയ്ക്കും ബജറ്റ് മുന്‍ഗണന നല്‍കിയേക്കും. പ്രതിസന്ധിക്കിടെ, സാമ്പത്തിക അച്ചടക്കത്തോടെ വി.ഡി. സതീശന്‍ സര്‍ക്കാര്‍ എങ്ങനെ വാഗ്‌ദാനങ്ങള്‍ നടപ്പാക്കും എന്നറിയാനാണ് കേരളത്തിന്റെ കാത്തിരിപ്പ്.

SCROLL FOR NEXT