മുഖ്യമന്ത്രിയുടെ ഒറ്റയാൾ ശൈലിക്ക് എതിരായ പരാതി ഹൈക്കമാൻഡിനെ നേരിട്ട് അറിയിച്ച് യുഡിഎഫ് കൺവീനർ. മുന്നണിയെ മുഖ്യമന്ത്രി നോക്കുകുത്തി ആക്കുകയാണെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് അടൂർ പ്രകാശ് പരാതി അറിയിച്ചു. എല്ലാ അതൃപ്തിയും അറിയിച്ചോ എന്ന ചോദ്യത്തിന് 'യെസ്' മൂളിയ അടൂർ പ്രകാശ് മറ്റ് ചോദ്യങ്ങളോടൊന്നും പ്രതികരിച്ചില്ല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായും യുഡിഎഫ് കൺവീനർ കൂടിക്കാഴ്ച നടത്തി. മല്ലികാർജുൻ ഖർഗെയേയും ദീപാ ദാസ് മുൻഷിയേയും കണ്ട കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കേരളത്തിലെ സാഹചര്യം ഇരുവരോടും വിശദീകരിച്ചു.
വി.ഡി. സതീശനെതിരായ പരാതിയിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ല എന്നുറപ്പിച്ചാണ് അടൂർ പ്രകാശ്. പാര്‍ട്ടി - മുന്നണി - സര്‍ക്കാര്‍ ഏകോപനമില്ലെന്നാണ് മുഖ്യ പരാതി. മുന്നണിയിലും പാർട്ടിയിലും ചര്‍ച്ച ചെയ്യാതെയാണ് മുഖ്യമന്ത്രി തീരുമാനങ്ങളെടുക്കുന്നതെന്നും മല്ലികാർജുൻ ഖാർഗെയും ദീപാ ദാസ് മുൻഷിയേയും കണ്ട് അടൂർ പ്രകാശ് അറിയിച്ചു. എം.കെ. മുനീറിനെ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനായും, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനെ സംസ്ഥാന സർക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായും നിയമിച്ചത് മുന്നണിയിൽ ചർച്ച ചെയ്യാതെ ആണെന്ന് യുഡിഎഫ് കൺവീനർക്ക് വിമർശനമുണ്ട്. ജൂലൈ മാസത്തിന് ശേഷം യുഡിഎഫ് യോഗം കൃത്യമായി വിളിച്ചുചേർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുത്തിട്ടില്ല, ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ നടന്നതും ചര്‍ച്ചയില്ലാതെയാണ് എന്നിങ്ങനെ പരാതിക്കൂമ്പാരവുമായി രാഹുൽ ഗാന്ധിയെയും കാണാനാണ് അടൂർ പ്രകാശിന്റെ ശ്രമം...
വി.ഡി. സതീശനെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണെന്നും വിമർശന ചേരിയിൽ താനൊറ്റയ്ക്കാണെന്നുമാണ് അടൂർ പ്രകാശ് പടയ്ക്ക് കച്ച കെട്ടിയ സമയത്ത് മാധ്യമങ്ങളോട് പറഞ്ഞത്. സർക്കാർ തീരുമാനങ്ങൾ പലതും മുന്നണി കൺവീനറായ താൻ മാധ്യമങ്ങളിലൂടെയാണ് അറിയുന്നത് എന്ന് അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ തുറന്നടിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആട്ടിൻ കുട്ടിയെ വേട്ടയാടുന്നവർ അറിയണം, അതിന് ഇടയനുണ്ടെന്ന് എന്ന വ്യംഗ്യാർത്ഥത്തിലെ റീല്‍ പോസ്റ്റ് ചെയ്ത് തന്റെ പോരാട്ടത്തിന് പിന്തുണയുണ്ടെന്ന സൂചനയും യുഡിഎഫ് കൺവീനർ നൽകിയിരുന്നു.
ഖാർഗെയെയും ദീപാദാസ് മുൻഷിയെയും കെ.സി. വേണുഗോപാലിനെയും കണ്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും കേരളത്തിലെ സാഹചര്യങ്ങൾ വിശദീകരിച്ചു. യുഡിഎഫിലും പാർട്ടിയിലും കൂടിയാലോചന ഇല്ലെന്ന് ഒരാളും പറയില്ല എന്നാണ് അടൂർ പ്രകാശിന്റെ വിമർശനങ്ങളോട് സണ്ണി ജോസഫിന്റെ നിലപാട്. ജിഎസ്ടി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ഇന്ന് ഡൽഹിയിലെത്തുന്ന മുഖ്യമന്ത്രി വി.ഡി. സതീശനും ഹൈക്കമാൻഡിനെ കണ്ട് കൂടാരക്കലാപത്തിലെ സ്വന്തം ഭാഗം വിശദമാക്കും.