തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൊലീസിൽ കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ് നടക്കുന്നത്. പിണറായി വിജയൻ മാപ്പ് പറയണമെന്നും, മുഖ്യമന്ത്രിയുടെ ഓഫീസാണ് ക്രിമിനലുകളായ പൊലീസുകാർക്ക് സംരക്ഷണം ഒരുക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. ഉദ്യോഗസ്ഥനെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ക്രിമിനലുകളുടെ കയ്യിൽ നിന്നും ഡിഐജി റാങ്കിലുള്ളവർ വരെ കൈക്കൂലി വാങ്ങുന്നു. ക്രിമിനലുകൾ ആയ പൊലീസുകാരെ സംരക്ഷിക്കുന്നത് സിപിഐഎം ആണ്. കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസ് അവർക്ക് സംരക്ഷണം ഒരുക്കുകയും ചെയ്യുന്നു. ഈ സംഭവം അറിഞ്ഞില്ലെന്ന് പറഞ്ഞാൽ എന്തിനാണ് പിന്നെ മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുന്നത് എന്നും സതീശൻ ചോദ്യമുന്നയിച്ചു.
ഇത് ഇടതുപക്ഷ ഗവൺമെൻ്റല്ല തീവ്രവലതുപക്ഷ ഗവൺമെൻ്റാണ്. പാട്ടുപോലും സഹിക്കാൻ പറ്റുന്ന മനസില്ല. മൗലിക അവകാശം ലംഘിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. കേരളം മുഴുവൻ പാട്ട് പാടാൻ പോകുകയാണെന്നും, കേസെടുത്ത് പേടിപ്പിക്കാൻ നോക്കേണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി. ബ്രൂവറിയിൽ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷം ഉയർത്തിയ അതേ കാര്യങ്ങളാണ് ഹൈക്കോടതിയും പറയുന്നത്. അഴിമതിയായിരുന്നു പദ്ധതിക്ക് പിന്നിൽ. എക്സൈസ് മന്ത്രിയുടെ കറുത്ത കൈകൾ ഇതിന് പിന്നിലുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.