തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധി നിയമസഭയിൽ ചർച്ചയ്ക്ക് വെച്ചതിനെ അഭിനന്ദിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ധനവിനിയോഗത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും, ഈ സഭ ഏറ്റവും ഗൗരവതരമായി ചർച്ച ചെയ്യേണ്ട വിഷയം ഇതുതന്നെയാണെന്നും വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.
രൂക്ഷമായ ധന പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പോലും ട്രഷറിയിൽ മാറാൻ കഴിയില്ലെങ്കിൽ നമ്മൾ സേഫ് ആണെന്നാണോ അർഥം. ഒരു ലക്ഷം കോടി രൂപയാണ് ജീവനക്കാർക്ക് നൽകാനുള്ളത്. നികുതി വരുമാനം വർധിപ്പിക്കാനുള്ള എന്ത് പദ്ധതിയാണ് സർക്കാരിൻ്റെ കയ്യിലുള്ളതെന്നും വി.ഡി. സതീശൻ ചോദിച്ചു.
ജി എസ് ടി വളർച്ച നിരക്കിൽ 2.52% കുറവ് സംഭവിച്ചു. വളരെ ഗൗരവതരമായ ആരോപണങ്ങൾ ജിഎസ്ടി വകുപ്പിൽ സംഭവിക്കുന്നുണ്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ജി എസ് ടി ഇന്റലിജൻസുമായി ബന്ധപ്പെട്ട് ഉള്ളത്. വരും ദിവസങ്ങളിൽ അത് പുറത്തുവരും. ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങുന്ന അവസ്ഥയാണ് നിലവിൽ. ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണക്കാർക്ക് പണം നൽകിയില്ല. സെപ്റ്റംബർ മുതൽ ശസ്ത്രക്രിയ മുടങ്ങുന്ന സ്ഥിതിയുണ്ട്, വി.ഡി. സതീശൻ.
സ്വർണത്തിൻ്റെ വില 16 മടങ്ങ് വർധിച്ചു. അങ്ങനെയെങ്കിൽ അതിന്മേലുള്ള നികുതിയും 16 മടങ്ങ് കൂടണമായിരുന്നു. പക്ഷേ അതുണ്ടായില്ല. 10000 കോടി രൂപയുടെ എങ്കിലും അധിക നികുതി സ്വർണത്തിൽ കിട്ടുമായിരുന്നു. നികുതി പിരിവിൽ ഒരു ശാസ്ത്രീയ സമീപനവും സർക്കാരിന് ഇല്ല. ധനവിനിയോഗത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും വി.ഡി. സതീശൻ പറഞ്ഞു.