കോട്ടയം: ശബരിമല അയ്യപ്പ സംഗമത്തിന് പിന്നലെ സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിച്ച എൻ എസ് എസുമായി സമവായ ചർച്ചകൾ തുടർന്ന് കോൺഗ്രസ്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. കഴിഞ്ഞ ദിവസമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. വൈകീട്ട് മൂന്നരയോടെ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തിയാണ് അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തിയത്. കൊടിക്കുന്നിൽ സുരേഷ് എംപിയും കഴിഞ്ഞ ദിവസം സുകുമാരൻ നായരെ കണ്ടിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട് സുകുമാരൻ നായരുടെ സർക്കാർ അനുകൂല നിലപാടിൻ്റെ പശ്ചാത്തലത്തിലാണ് നേതാക്കൾ പെരുന്നയിൽ എത്തിയത്.
സുകുമാരന്‍ നായരുടെ പ്രസ്താവന മാധ്യമങ്ങള്‍ ട്വിസ്റ്റ് ചെയ്തതാണെന്ന് പി.ജെ. കുര്യന്‍ പറഞ്ഞു. വിശ്വാസവും ആചാരവും സംരക്ഷിക്കപ്പെടണമെന്നതാണ് എന്‍എസ്എസ് എപ്പോഴും ഉന്നയിച്ചിരുന്നത്. എല്‍ഡിഎഫ് അതിന് എതിരായിരുന്നു. ഇപ്പോഴവര്‍ തെറ്റുതിരുത്തി എന്‍എസ്എസ് നിലപാടിലേക്ക് വന്നു. അതിനെ എൻഎസ്എസ് സ്വാഗതം ചെയ്തു. അത് സ്വാഭവിക നടപടിയാണ്. അതിന് രാഷ്ട്രീയമാനം നല്‍കുന്നതാണ് തെറ്റിദ്ധരാണയ്ക്ക് കാരണമാകുന്നത്. എന്‍എസ്എസ് ഒരു സാമുദായിക സംഘടനയാണ്. അവരുടെ നിലപാടിനോട് സര്‍ക്കാരോ പ്രസ്ഥാനമോ യോജിക്കുന്നത് സ്വാഗതം ചെയ്യേണ്ടത് അവരുടെ കടമയാണ്. അതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും പി.ജെ. കുര്യന്‍ പറഞ്ഞു.
ശബരിമല വിഷയത്തിൽ എൻഎസ്എസ് എൽഡിഎഫിനൊപ്പമാണെന്ന ജി. സുകുമാരൻ നായരുടെ പ്രസ്താവനയാണ് വിവാദങ്ങൾക്കിടയാക്കിയത്. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോൺഗ്രസിനെ വിമർശിച്ച സുകുമാരൻ നായർ, കോൺഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളോടുള്ള സമദൂര നിലപാടിൽനിന്നും എൻഎസ്എസ് വ്യതിചലിക്കുകയും ഇടതുപക്ഷത്തോട് അടുക്കുകയാണെന്നുമടക്കം വിമർശനം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് അനുനയവുമായി കോൺഗ്രസ് നേതാക്കൾ എത്തിയത്.
സുകുമാരൻ നായരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ആളാണ് പി.ജെ. കുര്യൻ. വിവാദങ്ങള്‍ക്കിടെ സുകുമാരന്‍ നായരെ കാണുന്ന രണ്ടാമത്തെ കോണ്‍ഗ്രസ് നേതാവാണ് പി.ജെ. കുര്യൻ. എന്‍എസ്എസിനെ അനുനയിപ്പിക്കണമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം ആവശ്യപ്പെട്ടിരുന്നുവെന്ന സൂചനകളും ഇതിനിടെ പുറത്തുവന്നിരുന്നു.