മുസ്ലീം ലീഗ് നേതൃയോഗത്തിൽ കോൺഗ്രസ് നേതൃത്വത്തിന് രൂക്ഷ വിമർശനം. പി.വി. അൻവർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനാവശ്യ വാശി കാണിച്ചു. കോൺഗ്രസിലെ പല നേതാക്കൾക്കും ധിക്കാരമാണ്. അൻവർ വിഷയം കോൺഗ്രസ് നേതൃത്വം വഷളാക്കി. നേതൃത്വത്തിൻ്റെ തീരുമാനത്തിന് വിരുദ്ധമായി രാഹുൽ മാങ്കൂട്ടത്തിൽ ചർച്ചയ്ക്ക് പോയത് നാണക്കേടായി എന്നും യോഗത്തിൽ അംഗങ്ങൾ വിമർശനം ഉന്നയിച്ചു.
ഇങ്ങനെ പോയാൽ പാര്‍ട്ടിക്ക് വെറെ വഴി നോക്കേണ്ടിവരുമെന്നും യോഗത്തിൽ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കെ.എം. ഷാജി, എം.കെ. മുനീര്‍ തുടങ്ങിയവരടക്കമുള്ള പ്രധാന നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ പറഞ്ഞു.
പ്രശ്ന പരിഹാരത്തിന് ഇനി കെ.സി. വേണുഗോപാൽ അടക്കമുള്ളവർ വിളിക്കട്ടെയെന്നും അപ്പോൾ ബാക്കി നോക്കാമെന്നും ലീഗ് യോഗത്തിൽ വിമർശനമുയര്‍ന്നു. വി.ഡി. സതീശനും മുന്നണി മര്യാദ പാലിച്ചില്ല. സതീശനും അൻവറുമാണ് പ്രശ്നങ്ങൾ നീളാൻ കാരണം. മുൻപ് ഇത്തരം പ്രശ്നങ്ങളിൽ ലീഗ് ഇടപെട്ടാൽ പരിഹാരം ഉണ്ടാകുമെന്ന വിശ്വാസം മുന്നണി പ്രവർത്തകർക്ക് ഉണ്ടായിരുന്നു. ഇപ്പോൾ അത്തരത്തിൽ ഉണ്ടായിരുന്ന വിശ്വാസ്യത കോൺഗ്രസ് കളഞ്ഞുകുളിച്ചു. 2026ലെ തെരഞ്ഞെടുപ്പാണ് പ്രധാന വിഷയം. എന്നാൽ അതാരും ഓർത്തില്ലെന്നും മുസ്ലീം ലീഗ് നേതൃയോഗത്തിൽ അഭിപ്രായമുയര്‍ന്നു.