KERALA

''മുഖം നോക്കാതെ നടപടിയെടുക്കും, അതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല''; രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് വി.ഡി. സതീശന്‍

''തെറ്റായ രീതിയില്‍ ഒരു മെസേജ് ഒരാള്‍ അയച്ചുവെന്ന് മകളെ പോലെ കാണുന്ന ഒരു കുട്ടി വന്ന് പറഞ്ഞാല്‍ ഒരു പിതാവ് എന്ത് ചെയ്യുമോ അത് ഞാന്‍ ചെയ്തിട്ടുണ്ട്''

Author : ന്യൂസ് ഡെസ്ക്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. പാര്‍ട്ടിക്കകത്തെ ഏതൊരു നേതാവിനെതിരെ ഇത്തരം ഒരു ഗുരുതരമായ ആരോപണം ഉയര്‍ന്നാല്‍ മുഖം നോക്കാതെ നടപടിയെടുക്കും. അതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. റിനി ജോര്‍ജ് പരാതി നല്‍കിയതിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. റിനി മകളെ പോലെ കാണുന്നുവെന്നും അതിന്റെ വിവാദങ്ങൡലേക്ക് കടക്കുന്നില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ആരോപിക്കപ്പെടുന്നതു പോലെ ഒരു ഗുരുതരമായ കുറ്റകൃത്യം കോണ്‍ഗ്രസിനകത്തെ ഒരു വ്യക്തിക്കെതിരെ ഉയര്‍ന്നാല്‍, അത് മെസേജ് അയച്ചത് മാത്രമല്ല, അല്ലാത്തതായി പറയപ്പെടുന്ന ഗുരുതര ആരോപണങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അതിന് ഞാന്‍ തന്നെ മുന്‍കൈ എടുക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

'തെറ്റായ രീതിയില്‍ ഒരു മെസേജ് ഒരാള്‍ അയച്ചുവെന്ന് മകളെ പോലെ കാണുന്ന ഒരു കുട്ടി വന്ന് പറഞ്ഞാല്‍ ഒരു പിതാവ് എന്ത് ചെയ്യുമോ അത് ഞാന്‍ ചെയ്തിട്ടുണ്ട്. പിന്നെ മെസേജ് അല്ലേ. അത് അയച്ചാല്‍ തൂക്കികൊല്ലാന്‍ ഒന്നും പറ്റില്ലല്ലോ. മെസേജ് അയച്ച കാര്യത്തില്‍ എന്താണോ ചെയ്യേണ്ടത് അത് ചെയ്യും. പക്ഷെ ഉയര്‍ന്നു വന്ന ആരോപണങ്ങളെക്കുറിച്ച് പാര്‍ട്ടി ഗൗരവമായി തന്നെ പരിശോധിക്കും. അതില്‍ നടപടി സ്വീകരിക്കുകയും ചെയ്യും,' വി.ഡി. സതീശന്‍ പറഞ്ഞു.

നേരത്തെ അത്തരം ഒരു ആരോപണവും നേരത്തെ പാര്‍ട്ടിയുടെ ശ്രദ്ധയില്‍ വന്നിട്ടില്ല. നേരത്തെ പാര്‍ട്ടിയുടെ മുന്നില്‍ ഒരു പരാതിയും വന്നിട്ടില്ലെന്നും തന്നോട് വ്യക്തിപരമായി ആരും പരാതി വന്നിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഇപ്പോഴാണ് പരാതി വന്നത്. ഗൗരവമുള്ള പരാതി വന്നിരിക്കുന്നു. അതിനെതിരെ നടപടിയെടുക്കും. രാഷ്ട്രീയ രംഗത്തുള്ള പലരെക്കുറിച്ചും പലരും പരാതി പറയും. അത് ശത്രുതകൊണ്ടും ഇഷ്ടമില്ലാത്തതുകൊണ്ടും ഒക്കെ പറയും. ഗൗരവമുള്ള പരാതി മുന്നിലെത്തുമ്പോള്‍ ഗൗരവത്തോടെ കാണും. ഈ വിഷയത്തില്‍ പാര്‍ട്ടി കോടതിയൊന്നും ആകില്ല. പക്ഷെ പാര്‍ട്ടി പരിശോധിക്കും. പാര്‍ട്ടി എന്ന നിലയില്‍ എടുക്കേണ്ട നടപടി എടുക്കുകയും ചെയ്യുമെന്നും വി.ഡി. സീതശന്‍ വ്യക്തമാക്കി.

SCROLL FOR NEXT