Source: News Malayalam 24x7
KERALA

വീണയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; ചോദ്യം ചെയ്യൽ നീണ്ടത് എട്ട് മണിക്കൂറോളം

എസ്എഫ്ഐഒ കണ്ടെത്തലുകളും ഇ.ഡി ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് വീണയെ ചോദ്യം ചെയ്തത്...

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സിഎംആർഎൽ-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ ടിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചി ഇ.ഡി ഓഫീസിൽ രാവിലെ 10.30ഓടെ ഹാജരായ വീണയെ എട്ട് മണിക്കൂറോളമാണ് ഇ.ഡി ചോദ്യം ചെയ്തത്. എസ്എഫ്ഐഒ കണ്ടെത്തലുകളും ഇ.ഡി ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് വീണയെ ചോദ്യം ചെയ്തത്. വീണയ്ക്ക് വീണ്ടും സമൻസ് നൽകിയില്ല. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇനി ചോദ്യം ചെയ്യൽ എസ്എഫ്ഐഒ രേഖകൾ കിട്ടിയതിനു ശേഷമാകും.

ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇ.ഡി ഓഫിസിലേക്ക് എത്തിയത്. ഈ മാസം 12ന് കൊച്ചി ഓഫിസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി വീണയ്ക്കു നോട്ടിസ് അയച്ചിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ ഹാജരാകാൻ ഇ.ഡി നിർദേശിക്കുകയായിരുന്നു.

വീണ മാനേജിങ് ഡയറക്ടറായ എക്സാലോജിക് സൊല്യൂഷൻസ് സേവനമൊന്നും നൽകാതെ സിഎംആർഎൽ കമ്പനിയിൽ നിന്ന് 2.78 കോടി വാങ്ങിയെന്നാണ് ഇ.ഡി കേസ്. സിഎംആർഎൽ–എക്സാലോജിക് കേസിൽ കരിമണൽ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്. കർത്ത എന്നിവരെ ഇ.ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

SCROLL FOR NEXT