KERALA

''പിന്നില്‍ നിന്ന് കുത്തുന്നതും പിന്തിരിഞ്ഞു നില്‍ക്കുന്നതും അപഹാസ്യം''; അയ്യപ്പ സംഗമത്തില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കി വെള്ളാപ്പള്ളി

അയ്യപ്പ സംഗമത്തിനായി രൂപീകരിക്കുന്ന സമിതിയില്‍ രാഷ്ട്രീയക്കാര്‍ പാടില്ലെന്ന എന്‍എസ്എസ് നിലപാടിനെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

Author : ന്യൂസ് ഡെസ്ക്

യുഡിഎഫിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കി ആഗോള അയ്യപ്പ സംഗമത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും നയിക്കുന്നതുകൊണ്ടാണ് അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതില്‍ യുഡിഎഫിനുള്ളിലെ ആശയക്കുഴപ്പമെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ബിജെപിക്കുള്ളിലും വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി. അയ്യപ്പ സംഗമത്തിനായി രൂപീകരിക്കുന്ന സമിതിയില്‍ രാഷ്ട്രീയക്കാര്‍ പാടില്ലെന്ന എന്‍എസ്എസ് നിലപാടിനെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

ആഗോള അയ്യപ്പ സംഗമം ഒരു അത്ഭുതമായി മാറും. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഭക്തരെ പങ്കെടുപ്പിച്ചുള്ള പരിപാടി അത്ഭുതമാണ്. ശബരിമലയുടെ പ്രസക്തി ലോകത്തിന്റെ നെറുകയില്‍ എത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല വികസനത്തിലേക്ക് പോകുന്നു. ശബരിമലയുടെ വരുമാനം വര്‍ധിക്കും. കേരളത്തിനെന്നല്ല, രാജ്യത്തിന് തന്നെ വരുമാനം വര്‍ധിക്കും. ശബരിമല വികസനത്തിലേക്ക് പോകുന്നു. പിന്നില്‍ നിന്ന് കുത്തുന്നതും പിന്തിരിഞ്ഞു നില്‍ക്കുന്നതും അപഹാസ്യമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ആഗോള അയ്യപ്പ സംഗമത്തെ കാണുന്നത് ബാലിശമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ യുഡിഎഫിനുള്ളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ബഹിഷ്‌കരിക്കില്ല എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍ പങ്കെടുക്കുമെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. യുഡിഎഫിനുള്ളിലെ ഈ ആശയക്കുഴപ്പം ഘടക കക്ഷികള്‍ കാരണമെന്നാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

അതേസമയം എസ്എന്‍ഡിപി പരിപാടികളില്‍ എംഎല്‍എ, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലാണ് വിഡി സതീശനെ ക്ഷണിച്ചത്. അതില്‍ മഞ്ഞുരുകലിന്റെ പ്രശ്‌നമില്ല. മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്‌സല്‍ ആണ് സതീശന്‍ നടത്തുന്നത്. എന്നാല്‍ സതീശന്റെ സംസാരം ശരിയല്ല. മുഖ്യമന്ത്രി ആകാനുള്ള യോഗ്യത നിശ്ചയിക്കേണ്ടത് ജനങ്ങളാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

അയ്യപ്പ സംഗമത്തല്‍ പങ്കെടുക്കരുതെന്ന് ആരോടും പറയില്ലെന്ന് നേരത്തെ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വെള്ളാപ്പള്ളി ബിജെപിയെ പ്രതിരോധത്തില്‍ ആക്കിയത്.

അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതില്‍ ചില നിബന്ധനകള്‍ എന്‍എസ്എസ് ദേവസ്വം ബോര്‍ഡിന് മുന്നില്‍ വെച്ചിരുന്നു. പരിപാടിയുടെ സംഘാടക സമിതിയില്‍ രാഷ്ട്രീയക്കാര്‍ പാടില്ല എന്നായിരുന്നു ഒന്ന്. രാഷ്ട്രീയമില്ലാതെ രാഷ്ട്രമില്ല എന്നായിരുന്നു ഇതിനോട് വെള്ളാപ്പള്ളിയുടെ പ്രതികരണം. ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമെന്ന പ്രചാരണം അപഹാസ്യമെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.

SCROLL FOR NEXT