തൃശൂർ: പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ സിഐ പി.എം. രതീഷിനെതിരെ നടപടിക്ക് ശുപാർശ. അഡീഷണൽ എസ്പി കെ.എ. ശശിധരന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്മേലാണ് നടപടി ഉണ്ടാവുക. രതീഷിനെതിരായ അന്വേഷണം നടത്തി റിപ്പോർട്ട് ജനുവരിയിൽ കൈമാറിയിരുന്നു.
രതീഷിന് കടവന്ത്ര എസ്എച്ച്ഒ ആയി പ്രമോഷൻ ലഭിച്ചതോടെ നോർത്ത് സോൺ ഐജി സൗത്ത് സോൺ ഐജിക്ക് റിപ്പോർട്ട് കൈമാറി. ഉദ്യോഗസ്ഥൻ്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച ഉണ്ടായതായും കർശനനടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പരാമർശമെന്ന് സൂചന. റിപ്പോർട്ടിൽ തുടർനടപടി ഉടൻ ഉണ്ടാകും എന്ന് സൗത്ത് സോൺ ഐജി അറിയിച്ചു. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ പുനർ അന്വേഷണത്തെ കുറിച്ചും പരിശോധിക്കും എന്ന് സൗത്ത് സോൺ ഐജി എസ്. ശ്യാം സുന്ദർ ന്യൂസ് മലയാളത്തോട് പറഞ്ഞു.
അതേസമയം, പീച്ചി പൊലീസ് സ്റ്റേഷനിലെ മർദനവുമായി ബന്ധപ്പെട്ട ആദ്യ പരാതിയിലെ നിർണായക സിസിടിവി ദൃശ്യം ന്യൂസ് മലയാളത്തിന് ലഭിച്ചു. പൊലീസിന് എതിരെ പരാതി ഉന്നയിച്ച ഹോട്ടലുടമ കെ.പി. ഔസേപ്പിൻ്റെ ജീവനക്കാർ ആദ്യ പരാതിക്കാരെ മർദിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഹോട്ടലുടമയുടെ പരാതിയിൽ മണ്ണുത്തി എസ്ഐ മർദിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആദ്യ പരാതിക്കാരൻ ദിനേശ്.