KERALA

ഐക്യത്തിനില്ലെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി; പിന്മാറ്റം രാഷ്ട്രീയ നീക്കം മനസിലായതോടെയെന്ന് ജി. സുകുമാരൻ നായർ

തുഷാറിനെ അയക്കാനുള്ള തീരുമാനത്തിൽ എൻഎസ്എസിന് സംശയമുണ്ടെന്ന് സുകുമാരൻ നായർ

Author : ലിൻ്റു ഗീത

ആലപ്പുഴ: എസ്എൻഡിപിയുമായുള്ള ഐക്യ നീക്കത്തിൽ നിന്നും എൻഎസ്എസ് പിന്മാറിയതിന് പിന്നാലെ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ. വിഷയത്തിൽ വിശദാംശങ്ങൾ പരിശോധിച്ചു പ്രതികരിക്കാം. ഇപ്പോൾ വിഷയം ചർച്ചയക്കേണ്ട. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും തന്നെയാരും വിവരങ്ങൾ പറയാൻ വിളിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങോട് പറ‍ഞ്ഞു.

എല്ലാം സമദൂരത്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രതികരിച്ചു. സർക്കാരിൻ്റെ കാര്യത്തിലും പാർട്ടികളുടെ കാര്യത്തിലും സമുദായങ്ങളുടെ കാര്യത്തിലും എല്ലാം എൻഎസ്എസിന് സമദൂര നിലപാടാണ്. എൻഎസ്‌എസ്-എസ്‌എൻഡി‌പി ഐക്യം അടഞ്ഞ അധ്യായമാണ്. നിലപാട് മാറ്റത്തിൽ ഒരു പാർട്ടിയും ഇടപെട്ടിട്ടില്ല. എന്നാൽ ഐക്യം പരാജയപ്പെട്ടത് തുഷാറിന്റെ വരവോട് കൂടിയാണെന്ന് ജി. സുകുമാരൻ നായർ പറഞ്ഞു. സമുദായങ്ങൾ തമ്മിലുള്ള ചർച്ചയിൽ അതിൻ്റെ നേതാക്കളാണ് പങ്കെടുക്കേണ്ടത്. ഐക്യം ആവശ്യപ്പെട്ടത് വെള്ളാപ്പള്ളിയാണ്. അദ്ദേഹമാണ് തീരുമാനങ്ങൾ അറിയിക്കേണ്ടത്. തുഷാർ രാഷ്ട്രീയ പാർട്ടി നേതാവാണ്. തുഷാറിനെ അയക്കാനുള്ള തീരുമാനത്തിൽ എൻഎസ്എസിന് സംശയമുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു.

എസ്എൻഡിപിയുമായുള്ള ഐക്യ നീക്കത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെയായിരുന്നു ഇരു നേതാക്കളുടേയും പ്രതികരണം. ഐക്യനീക്കം പ്രായോഗികമല്ലെന്നാണ് എൻഎസ്എസ് ഡയറക്ടർ ബോർഡിൻ്റെ നി​ഗമനത്തിന് പിന്നാലെയാണ് ഐക്യത്തിൽ നിന്നും എൻഎസ്എസ് പിന്മാറിയത്. പെരുന്നയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമായത്. പല കാരണങ്ങളാലും പല തവണ എൻഎസ്എസ്-എസ്എൻഡിപി ഐക്യം വിജയിക്കാത്ത സാഹചര്യത്തിൽ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാൽ തന്നെ വ്യക്തമാകുന്നു. എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനും ആവില്ല. അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ല. പ്രത്യേകിച്ച് എൻഎസ്എസിന് എല്ലാ രാഷ്ട്രീയപ്പാർട്ടികളോടും സമദൂരനിലപാട് ഉള്ളതിനാൽ. മറ്റെല്ലാ സമുദായങ്ങളോടും എന്നവണ്ണം എസ്എൻഡിപിയോടും സൗഹാർദ്ദത്തിൽ വർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എൻഎസ്എസ് പ്രസിദ്ധീകരണത്തിൽ അറിയിച്ചു.

SCROLL FOR NEXT