വെള്ളാപ്പള്ളി നടേശൻ Source: News Malayalam 24x7
KERALA

തൊട്ടുകൂടായ്മയുടെ വൃത്തികെട്ട മുഖമാണ് വെളിച്ചത്തു വന്നത്; മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ എന്താണ് തെറ്റെന്ന് യോഗനാദത്തിൽ വെള്ളാപ്പള്ളി

"പരിഹാസങ്ങൾക്കും വിമർനങ്ങൾക്കും പിന്നിലുള്ള കാരണം പിന്നാക്കക്കാരനെ അദ്ദേഹത്തിന്റെ കാറിൽ കയറ്റിയെന്നതു മാത്രമാണ്"

Author : ലിൻ്റു ഗീത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിലെ വിവാദത്തിന് പിന്നാലെ എസ്എൻഡിപി മാസികയായ യോഗനാദത്തിൽ വെള്ളാപ്പള്ളിയുടെ ലേഖനം. ഇന്നും നിലനിൽക്കുന്ന തൊട്ടുകൂടായ്മയുടെ വൃത്തികെട്ട മുഖമാണ് വെളിച്ചത്ത് വന്നത്. ഉയർന്ന ജാതിയിൽപ്പെട്ടയാളോ ന്യൂനപക്ഷ വിഭാഗക്കാരനോ ആണെങ്കിൽ ഇങ്ങനെ ചർച്ച ഉണ്ടാകില്ലെന്നും പിന്നോക്ക വിഭാഗമാണ് ഇടതു പാർട്ടികളുടെ നട്ടെല്ലെന്നും ലേഖനത്തിൽ പറയുന്നു.

"മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് വലിയ അപരാധമായെന്ന് പറയുന്നവരുടെ ഉദ്ദേശ്യശുദ്ധി മനസിലാകും. ഉയർന്ന ജാതിയിൽപ്പെട്ട ഒരാളോ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളയാളോ ആണ് മുഖ്യമന്ത്രിയുടെ വാഹനത്തിൽ കയറിയതെങ്കിൽ ഇങ്ങനെയൊരു ച‌ർച്ചയോ ചാനൽ പരിഹാസങ്ങളോ ഉണ്ടാകുമായിരുന്നില്ല. ഒരു തലമുതിർന്ന സമുദായ നേതാവിനെ മുഖ്യമന്ത്രി കാറിൽ കയറ്റി ഇരുവരും പങ്കെടുക്കുന്ന സമ്മേളന വേദിയിലേക്ക് കൊണ്ടുപോയത് എന്തോ രാജ്യദ്രോഹം ചെയ്തതു പോലെ വരുത്തിത്തീർക്കാനാണ് ശ്രമം.

ഇത് എന്തു നീതിയാണ് ഒന്നിച്ച് സഞ്ചരിച്ചതുകൊണ്ട് എന്തു കുഴപ്പമാണ് ഉണ്ടായത്? മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും ബഹുമാനവും സ്നേഹവും ഉണ്ട്. സമുദായത്തിന്റെ ആവശ്യങ്ങളോട് അദ്ദേഹം നല്ല രീതിയിലാണ് പ്രതികരിക്കുന്നതും. പരിഹാസങ്ങൾക്കും വിമർനങ്ങൾക്കും പിന്നിലുള്ള കാരണം പിന്നാക്കക്കാരനെ അദ്ദേഹത്തിന്റെ കാറിൽ കയറ്റിയെന്നതു മാത്രമാണ്". പിന്നാക്ക സമുദായത്തിന്റെ വളർച്ചയും അവർക്കു ലഭിക്കുന്ന അംഗീകാരവും ഉൾക്കൊള്ളാൻ സാധിക്കാത്തതിന്റെ വേദനയായി മാത്രമേ ഈ വിദ്വേഷ പ്രസം​ഗത്തെ കാണുന്നുള്ളു എന്നും യോ​ഗനാദത്തിൽ പറയുന്നു.

SCROLL FOR NEXT