KERALA

ദുരന്തം ബാക്കിയാക്കിയത് കൂറ്റന്‍ കരിങ്കല്ലുകളും ചെളിക്കൂമ്പാരങ്ങളും; വെള്ളാര്‍മല സ്‌കൂള്‍ മനക്കരുത്ത് കൊണ്ട് മറികടന്ന പാഠപുസ്തകം

ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട വിദ്യാര്‍ഥികളില്‍ ചിലര്‍ അവസാന നിമിഷം വരെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ പോലും തയാറായിരുന്നില്ല.

Author : ന്യൂസ് ഡെസ്ക്

ദുരന്തങ്ങള്‍ എവിടെ ഉണ്ടായാലും അത് ഏറ്റവും കൂടുതല്‍ ബാധിക്കുക അവിടുത്തെ കുഞ്ഞുങ്ങളെ ആയിരിക്കും. എന്നാല്‍ കാലം മുറിവുകളെ ഉണക്കി തുടങ്ങും. അങ്ങനെ മഹാ ദുരന്തത്തിനും

അതിജീവനം സാധ്യമാണെന്ന് തെളിയിക്കുകയാണ് വെള്ളാര്‍മല സ്‌കൂള്‍. ഉരുള്‍ പൊട്ടി കുത്തിയൊലിച്ച് ഒരു നാടിനെയാകെ തുടച്ചു നീക്കിയ ശേഷവും വെള്ളരിമലയുടെ താഴവരയില്‍ പതിയെ പതിയെ നാമ്പിടുകയാണ് കൊച്ചു വിദ്യാലയം.

ഒരു ദേശത്തിനാകെ അക്ഷര വെളിച്ചം പകര്‍ന്ന വിദ്യാലയത്തെ ഒറ്റ രാത്രി കൊണ്ട് മണ്ണും മഴയും ചേര്‍ന്ന് ഇരുട്ടിലേക്ക് തള്ളിയിട്ടു. ഉരുള്‍പൊട്ടലില്‍ വഴിമാറി ഒഴുകിയ പുന്നപ്പുഴ വിദ്യാലയത്തില്‍ ബാക്കിയാക്കിയത് കൂറ്റന്‍ കരിങ്കല്ലുകളും, കെട്ടിടാവശിഷ്ടങ്ങളും, ചെളിക്കൂമ്പാരങ്ങളും മാത്രമാണ്.

സ്‌കൂളും വിദ്യാര്‍ഥികളും നഷ്ട്ടമായ അധ്യാപകരും വിദ്യാര്‍ഥികളും എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു. സ്‌കൂളിലെ 33 വിദ്യാര്‍ഥികള്‍ ഓര്‍മ മാത്രമായപ്പോള്‍ മറ്റു ചിലര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി. നഷ്ടമായതെല്ലാം തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെങ്കിലും ഓരോ കുട്ടികളും ചേര്‍ത്തു പിടിച്ചു സെപ്റ്റംബര്‍ 2ന് പുനര്‍ പ്രവേശനോത്സവം നടത്തി.

അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞപ്പോള്‍ വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ തങ്ങളുടെ അതിജീവനകഥ വേദിയില്‍ അവതരിപ്പിച്ചു. വേദനകളെയും വിഷമങ്ങളെയും മാറ്റി വെച്ച വെള്ളാര്‍മലയുടെ കുട്ടികള്‍ കലോത്സവത്തിലും കായികോത്സവത്തിലും ശാസ്‌ത്രോത്സവത്തിലും പങ്കെടുത്തു.

ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട വിദ്യാര്‍ഥികളില്‍ ചിലര്‍ അവസാന നിമിഷം വരെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ തയാറായിരുന്നില്ല. എല്ലാവരുടെയും പ്രോത്സാഹനവും പിന്തുണയും നല്‍കിയപ്പോള്‍ അവര്‍ 100% വിജയം സ്വന്തമാക്കി. അങ്ങനെ വെള്ളരിമലയില്‍ വീണ്ടും പ്രതീക്ഷയുടെ നാമ്പുകള്‍ ഇതളിട്ടു.

393 വിദ്യാര്‍ഥികളാണ് ഇപ്പോള്‍ സ്‌കൂളില്‍ പഠിക്കുന്നത്. വരും നാളുകളില്‍ പുതിയ കെട്ടിടത്തില്‍ ഏറ്റവും നല്ല ഡിജിറ്റല്‍ സ്‌കൂളുകളിലൊന്ന് വെള്ളാമല സ്‌കൂള്‍ ആയിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. പ്രതികൂല സാഹചര്യങ്ങളെ മനക്കരുത്ത് കൊണ്ട് മറികടന്ന വെള്ളാര്‍മല സ്‌കൂള്‍ ഇന്ന് ഒരു പാഠപുസ്തകമാണ്.

SCROLL FOR NEXT