തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം നിലനിൽക്കെ മരിച്ച വേണുവിൻ്റെ കൂടുതൽ ശബ്ദസന്ദേശം പുറത്ത്. എനിക്ക് എന്ത് സംഭവിച്ചാലും കാർഡിയോളജി വിഭാഗം ഡോക്ടർമാരും ജീവനക്കാരുമാണ് ഉത്തരവാദികളെന്ന് പറഞ്ഞ് കൊണ്ട് വേണു ബന്ധുവിന് അയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
"പന്മന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ അനുപമയുടെ നിർദേശപ്രകാരമാണ് ജില്ലാ ആശുപത്രിയിലേക്ക് പോയത്. അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച എക്കോയും,വ്യാഴ്ചാഴ്ച ആൻജിയോഗ്രാമും ചെയ്യാമെന്ന് പറഞ്ഞു. ബ്ലഡ് ടെസ്റ്റ് എല്ലാം ചെയ്തു. എന്നാൽ ആൻജിയോഗ്രാം ചെയ്യുന്ന ലിസ്റ്റിൽ തന്നെ അവസാനം ഒഴിവാക്കി", വേണു ബന്ധുവിനോട് പറഞ്ഞു.
എന്തുകൊണ്ട് ആൻജിയോഗ്രാം ചെയ്യുന്നില്ലെന്ന് അറിയില്ലെന്നും, തനിക്ക് എന്തെങ്കിലും പറ്റിയാൽ ഒരാളെയും വെറുതെ വിടരുതെന്നും, കോടതിയ്ക്ക് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ നൽകണമെന്നും വേണു പറയുന്നുണ്ട്. പൊതുജനങ്ങളോടാണ് വേണു ഇത് ആവശ്യപ്പെടുന്നത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വേണു അയച്ച ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.
നവംബർ ആറിനാണ് പന്മന സ്വദേശിയും ഓട്ടോ ഡ്രൈവറുമായ വേണു മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. വേണുവിൻ്റെ മരണം ചികിത്സ കിട്ടാത്തതിനെ തുടർന്നാണ് എന്ന് കുടുംബം ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വേണുവിൻ്റെ കുടുംബം പരാതി നൽകിയിരുന്നു. എന്നാൽ ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരു പിഴവും പറ്റിയിട്ടില്ലെന്ന് സൂപ്രണ്ട് അറിയിച്ചു.