തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം നിലനിൽക്കെ ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ഹാരിസ് ചിറയ്ക്കൽ. നാടുനീളെ മെഡിക്കൽ കോളേജ് ഉണ്ടാക്കിയിട്ട് കാര്യമില്ലെന്നും കൂടുതൽ രോഗികളെ ചികിത്സിക്കാൻ സൗകാര്യം ഇല്ലെന്നും ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. തറയിൽ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഹാരിസ് ചോദിച്ചു. അത് പ്രകൃത രീതിയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"വേണുവിനെ തറയില്‍ ആണ് കിടത്തിയിരുന്നത്. തറയില്‍ എങ്ങനെ അണ് ഒരാളെ കിടത്തുന്നത്. ഒരാള്‍ക്ക് എങ്ങനെ ആണ് അങ്ങനെ ഒരു അവസ്ഥയിലേക്ക് പോകാന്‍ കഴിയുന്നത്. എങ്ങനെ ആധുനിക സംസ്‌കാരത്തില്‍ തറയില്‍ കിടത്തി ചികില്‍സിക്കാനാകും. പ്രാകൃതമായ നിലവാരം ആണ്", ഹാരിസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജിൽ വച്ച് ഓട്ടോ ഡ്രൈവറായ പന്മന സ്വദേശി വേണു മരിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് നിർദേശിച്ച് ആറ് ദിവസം കിടന്നിട്ടും ശസ്ത്രക്രിയ നടത്തിയില്ലെന്ന് കുടുംബം പറഞ്ഞു. ചികിത്സ കിട്ടാത്തതോടെയാണ് വേണു മരിച്ചതെന്നും കുടുംബം ആരോപിച്ചു. ഭർത്താവിനെ കൊന്നതാണ് എന്നും ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും വേണുവിൻ്റെ ഭാര്യ സന്ധ്യ ആരോപിച്ചിരുന്നു.
വേണു മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിരുന്നു. വേണുവിന് ചികിത്സ വൈകിപ്പിച്ചെന്നും സംഭവത്തില്‍ അന്വേഷണം നടത്തി നടപടി എടുക്കണമെന്നുമാണ് കുടുംബം ആവശ്യപ്പെട്ടത്.
എന്നാൽ ആശുപത്രിയുടെ ഭാഗത്ത് നിന്നും യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ട് ഡോ. സി.ജി. ജയചന്ദ്രന്‍ പറഞ്ഞിരുന്നു. ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും പരാമാവധി ചികിത്സ നല്‍കിയിരുന്നെന്നും ജയചന്ദ്രന്‍ വ്യക്തമാക്കി. ആന്‍ജിയോഗ്രാം ചെയ്യാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ലെന്നും ക്രിയാറ്റിനിന്‍ അടക്കം കൂടുതല്‍ ആയിരുന്നുവെന്നും സൂപ്രണ്ട് അറിയിച്ചിരുന്നു. അത് നിയന്ത്രിക്കാതെ ആന്‍ജിയോഗ്രാം ചെയ്യാന്‍ സാധിക്കുമായിരുന്നില്ലെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.