KERALA

ഇന്നും അതിശക്ത മഴ തുടരും, ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ മഴ കൂടുതൽ ശക്തമാകും

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും ഇന്ന് ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അതിശക്തമായ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മഴ കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളൊഴികെയുള്ള പത്ത് ജില്ലകളിലും നാളെ ഓറഞ്ച് അലേർട്ടാണ്. ഈ നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിൽ തെക്കൻ തമിഴ്നാട് തീരത്തോട് ചേർന്ന് ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും ഇന്ന് ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, തിരുവനന്തപുരം ജില്ലയിലെ തീരമേഖലയിൽ കള്ളക്കടൽ ജാഗ്രതാ നിർദേശവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 26 വരെ മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

SCROLL FOR NEXT