KERALA

ബോഫോഴ്‌സ് അഴിമതി കേസില്‍ രാജീവ് ഗാന്ധിയെ വരെ വിറപ്പിച്ചയാൾ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.പി. ഉണ്ണികൃഷ്ണന് ഇന്ന് 89-ാം പിറന്നാള്‍

ഐ.കെ. ഗുജ്‌റാളിന്റെയും, നരസിംഹ റാവുവിന്റെയും, കാമരാജിന്റെയുമെല്ലാം പ്രിയപ്പെട്ടവനായിരുന്നു

Author : ന്യൂസ് ഡെസ്ക്

ദേശീയ രാഷ്ട്രീയത്തിലെ നിറസാന്നിധ്യമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.പി. ഉണ്ണികൃഷ്ണന് ഇന്ന് 89-ാം പിറന്നാള്‍. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സോഷ്യലിസ്റ്റുകാരനായും, കോണ്‍ഗ്രസുകാരനായും ഇന്ത്യന്‍ ിരാഷ്ട്രീയത്തില്‍ തിളങ്ങി നന്ന കെ.പി. ഉണ്ണികൃഷ്ണന്‍ നവതിയിലേക്ക് കടക്കുമ്പോള്‍ തിരക്കുകളില്‍ നിന്നെല്ലാമൊഴിഞ്ഞ് കോഴിക്കോട് പന്നിയങ്കരയിലെ വീട്ടില്‍ വിശ്രമത്തിലാണ്.

സോഷ്യലിസ്റ്റ് നേതാവ് റാം മനോഹര്‍ ലോഹ്യയുടെ അന്ധമായ നെഹ്‌റു വിരോധത്തില്‍ വിയോജിച്ച്, കോണ്‍ഗ്രസുകാരനായി മാറിയ സോഷ്യലിസ്റ്റാണ് കെ.പി. ഉണ്ണികൃഷ്ണന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് മുഴുവന്‍ പേരെയും നോമിനേറ്റ് ചെയ്യുന്നതിന് പകരം പകുതിപ്പേരെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് പൂനെ എഐസിസി സമ്മേളനത്തില്‍ ശ്യാംനന്ദന്‍ മിശ്ര അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചപ്പോള്‍, പ്രസംഗം നന്നായെന്ന് തോളില്‍ തട്ടി അഭിനന്ദിച്ചത് സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ്.

സോഷ്യലിസ്റ്റ് നേതാവായിരുന്ന കെ.പി. ഉണ്ണികൃഷ്ണന്‍ 1959 ലാണ് കോണ്‍ഗ്രസിലെത്തുന്നത്. പിന്നീട് ഇന്ദിരാഗാന്ധിയുടെ ഏറ്റവും അടുത്ത അനുയായികളില്‍ ഒരാളായി. എന്നാല്‍ അടിയന്തരാവസ്ഥയ്ക്കു ശേഷം ഇന്ദിരാഗാന്ധിയുമായി അകന്നു. കോണ്‍ഗ്രസ് എസിന്റെ ദേശീയ നേതാവായി.

ബോഫോഴ്‌സ് അഴിമതി കേസില്‍ രാജീവ് ഗാന്ധിയെ വിറപ്പിച്ചു. വി.പി. സിംഗിന്റെയും, ഐ.കെ. ഗുജ്‌റാളിന്റെയും, നരസിംഹ റാവുവിന്റെയും, കാമരാജിന്റെയുമെല്ലാം പ്രിയപ്പെട്ടവന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയായ കെ.പി. ഉണ്ണികൃഷ്ണന് ശാരീരിക അവശതകള്‍ക്കിടയിലും ഓര്‍മകള്‍ക്ക് തിളക്കം കുറഞ്ഞിട്ടില്ല. പിറന്നാള്‍ ഒരു പായസ മധുരമാണ്.

25 വര്‍ഷം വടകരയില്‍ നിന്നും തുടര്‍ച്ചയായി എംപിയായ കെ.പി. ഉണ്ണികൃഷ്ണന്‍ 1989 ല്‍ വി.പി. സിംഗ് മന്ത്രിസഭയില്‍ മന്ത്രിയായി. ഇറാഖ്-കുവൈത്ത് യുദ്ധത്തില്‍, കുവൈത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍. അന്നത്തെ വിദേശകാര്യ മന്ത്രി ഐ കെ ഗുജ്‌റാള്‍ പരാജയപ്പെട്ടപ്പോള്‍. സദ്ദാം ഹുസൈനെ ഒളിത്താവളത്തില്‍ പോയി കണ്ട ആളാണ്. ആ ദൗത്യം ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നുണ്ട്.

അകന്നു പോയ കെ.പി. ഉണ്ണികൃഷ്ണനെ, 1994 ല്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവാണ് വീണ്ടും കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നത്. സാഹിത്യകാരന്‍മാരായ ഒവി വിജയന്‍, വികെഎന്‍ എന്നിവരുമായെല്ലാം അടുപ്പം പുലര്‍ത്തിയ നേതാവ്. അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായി ഒരിക്കല്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. ഉണ്ണി രാവിലെ എഴുന്നേറ്റ് പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെങ്കില്‍. പ്രധാനമന്ത്രി വരെ ആകുമായിരുന്നു. ഈ വാചകത്തില്‍ കെപി ഉണ്ണികൃഷ്ണന്റെ ജീവിതമുണ്ട്. നവതിയിലേക്ക് കടക്കുന്ന കെപി ഉണ്ണികൃഷ്ണന് പിറന്നാള്‍ ആശംസകള്‍.

SCROLL FOR NEXT